കരുത്ത് ചോര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; ബെല്‍ഫോര്‍ട്ടും ടീം വിട്ടു, അടുത്ത സീസണില്‍ ആരെല്ലാം..

കോഴിക്കോട്: ഐ.എസ്.എല്‍ കേരളത്തിന്റെ സ്വന്തം ആരോണ്‍ ഹ്യൂസിനും ഹോസുവിനും നാസോണിനും പിന്നാലെ മുന്നേറ്റ നിരയിലെ കുന്തമുനയായ കെല്‍വണ്‍ ബെല്‍ഫോര്‍ട്ടും ടീം വിട്ടതായി വാര്‍ത്തകള്‍.നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനിറങ്ങുക കഴിഞ്ഞ സീസണിലെ പ്രധാന വിദേശ താരങ്ങളില്ലാതെയാകും.

അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയുമായാണ് ബെല്‍ഫോര്‍ട്ട് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട ബെല്‍ഫോര്‍ട്ട് ഈ സീസണില്‍ തിരിച്ചുവരില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെ ബെല്‍ഫോര്‍ട്ട് വ്യക്തമാക്കിയിട്ടും ഉണ്ട്.

 

25കാരനായ താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണില്‍ നിര്‍ണായകമായ മൂന്നു ഗോള്‍ നേടിയിരുന്നു. ഗോളടിച്ച ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിന്റെ പേരിലാണ് ബെല്‍ഫോര്‍ട്ട് ശ്രദ്ധനേടിയത്.

രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്തി പത്ത് ടീമുകളുമായാണ് ഇത്തവണ ഐ.എസ്.എല്‍ അണിയിച്ചൊരുക്കുന്നത്. ബെംഗളൂരു എഫ്.സിയും ടാറ്റയുടെ കീഴിലുള്ള ടീമും ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിക്കും.