തട്ടിക്കൊണ്ടു പോകല്‍ കുറ്റ വിമുക്തനാക്കല്‍; വിഎം സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റില്‍ കോടിയേരി പങ്കെടുത്ത് എടുത്ത തീരുമാനം

കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സി.പി.എം. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ട വി.എം. സക്കീര്‍ ഹുസൈന്‍ വീണ്ടും ഏരിയ സെക്രട്ടറിയാകുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റാണ് ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും സക്കീര്‍ ഹുസൈന്‍ ഏരിയ സെക്രട്ടറിയാകുന്നത്സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈനെ സി.പി.എം. നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സക്കീറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എളമരം കരീമിന്റെ ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. സക്കീര്‍ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് എളമരം കരീമിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും അവതരിപ്പിച്ചിരുന്നു.

കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഈ തീരുമാനം അനുസരിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കുന്നത്.