സ്വാമീ അനുഗ്രഹിക്കണം: കാത്തിരുന്ന് സ്വാമിയില്‍ നിന്ന് അനുഗ്രഹം തേടി സിപിഎം മന്ത്രിമാര്‍, ആപ്പിള്‍ നല്‍കി സ്വാമിയും
ആലപ്പുഴ: അനുഗ്രഹം തേടി മന്ത്രിമാര്‍ സ്വാമിക്കു മുന്നില്‍. ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീ തീര്‍ഥസ്വാമിയുടെ ദര്‍ശനം തേടിയെത്തിയവരില്‍ സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും. ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയാണ് മന്ത്രിമാര്‍ സ്വാമിയെ കാത്തിരുന്ന് കൈകൂപ്പി അനുഗ്രഹം തേടിയത്.
ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ഹാളിലെത്തുന്ന സ്വാമിയെ കാത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും കാത്തിരുന്നു. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിന് മുന്നേ വി.ഐ.പി. ലിസ്റ്റില്‍പ്പെട്ട മന്ത്രിമാര്‍ക്കാണ് സ്വാമി ആദ്യം ദര്‍ശനം നല്‍കിയതും.
സ്വാമിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. തന്നെ ദര്‍ശിക്കാനെത്തിയ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെ സ്വാമിയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്.
സ്വാമിക്ക് മുന്നില്‍ മന്ത്രിമാര്‍ തളികയില്‍ പഴങ്ങളും സമര്‍പ്പിച്ചു. ദര്‍ശനത്തിനു ശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍ നല്‍കി ‘ഇതു മുഖ്യമന്ത്രിക്ക്’ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയതു. അതിഥിയായെത്തിയ ശൃംഗേരി മഠാധിപതിയെ വൈകീട്ട് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.
ചിത്രം: മാതൃഭൂമി