രാഷ്ട്രപതി സ്ഥാനാര്‍ഥി ആകും എന്നത് ചിലരുടെ ഭാവന മാത്രമെന്ന് ഇ ശ്രീധരന്‍; മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ ഉണ്ടാകും

കൊച്ചി: താന്‍ വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ. ശ്രീധരന്‍. താന്‍ രാഷ്ട്രപതിയാകും എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനമാത്രമാണെന്നും കൊച്ചി മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ താന്‍ ഉണ്ടാകുമെന്നും എന്നാല്‍ പേട്ടയില്‍ നിന്ന് മെട്രോ നീട്ടുന്നുണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ സേവനം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ. ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിട്ടത്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരിപ്പിടമില്ലാതിരുന്നിട്ടും കാര്യമായ പ്രതികരണം ഇ. ശ്രീധരന്‍ നടത്താതിരുന്നത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന ഇ. ശ്രീധരന്‍ പ്രതികരിച്ചു.