രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കൂ എന്നിട്ടാകാം ചര്‍ച്ചയെന്ന് സിപിഎം; യെച്ചൂരിയുമായി നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കേന്ദ്രം നിയോഗിച്ച മൂന്നംഗ പ്രതിനിധികള്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ സ്ഥാനാര്‍ഥിയുടെ പേര് ആദ്യം നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സി.പി.എം. ആവശ്യപ്പെട്ടു.

മന്ത്രിമാരുമായി വിഷയം ചര്‍ച്ചചെയ്തു. പക്ഷെ, അവര്‍ പൊതുസ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചില്ല. അതില്ലാതെ എങ്ങനെയാണ് ചര്‍ച്ച നടക്കുകയെന്ന് യെച്ചൂരി പ്രതിനിധി സംഘത്തോട് ചോദിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ സി.പി.എം. ഓഫിസായ എ.കെ.ജി. ഭവനിലായിരുന്നു ചര്‍ച്ച.

സമാനവിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചയും ഫലപ്രദമായിരുന്നില്ല. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരുകള്‍ നിര്‍ദേശിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.