കരിപ്പൂര്‍ വിമാനത്താവളം: യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി കിട്ടിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ഹവില്‍ദാറായ അബ്ദുള്‍ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് കക്കട്ടില്‍ സ്വദേശിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 19ന് ദുബായിലെ മകളുടെ അടുത്ത് നിന്ന് തിരിച്ച് കരിപ്പൂര്‍ എത്തിയശേഷം മടങ്ങുമ്പോഴാണ് സംഭവം. പരിശോധനകള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ പെട്ടികളില്‍ നിന്നും 60,000 രൂപ വിലവരുന്ന മൂന്നുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മോഷണം നടത്തിയത് കസ്റ്റംസിലെ ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ അറസ്റ്റ് ചെയ്തത്.