പുതുവെപ്പില്‍ ഐഒസി ഗ്യാസ് പ്ലാന്‍റ്: ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം
പുതുവെപ്പിന്‍ ഐ.ഒ.സി. ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ സ്റ്റേഷന്‍ വിട്ടുപോകാന്‍ തയ്യാറാകാതേയും ജ്യാമത്തിന് അപേക്ഷിക്കാതേയും നിലപാടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ധാരണയായതോടെയാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്.ഇന്നലെ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 321 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സമരത്തില്‍ പങ്കെടുത്തവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 321 പേരെ അറസ്റ്റ് ചെയ്ത് അഞ്ച് സ്റ്റേഷനുകളിലായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കസബ (105), മുളവുകാട് (56), എറണാകുളം നോര്‍ത്ത് (44) സെന്‍ട്രല്‍ (66) കടവന്ത്ര (90) എന്നീ സ്റ്റേഷനുകളിലാണ് ഇവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നാലുപേര്‍ക്കെതിരെ പൊലീസിനെ അതിക്രമിച്ചു എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നു.
രാത്രി പത്തു മണിയോളം പൊലീസ് സ്റ്റേഷനില്‍ തന്നെ നിലയുറപ്പിച്ച സമരക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുക, പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയ്‌ക്കെതിരെ അന്വേഷണം നടത്തുക, സമരക്കാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ആളുകള്‍ മടങ്ങിയത്. അതേസമയം, സമരം പൂര്‍ണ്ണ വിജയത്തിലെത്തുന്നതു വരെ പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
കഴിഞ്ഞ 122 ദിവസമായ നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെപ്പിന്‍ മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഹൈക്കോടതി ജംഗ്ഷനിലേക്ക് സമരവുമായെത്തിയ വെപ്പിന്‍ സ്വദേശികളായ പ്രതിഷേധക്കാരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.