വാക്ക് ലംഘിച്ച് സര്‍ക്കാര്‍; പുതുവൈപ്പിനിലെ ഐഒസി ഗ്യാസ് പ്ലാന്റ് പോലീസ് സംരക്ഷണയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍

എറണാകുളത്തെ പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമായി. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്.

എന്നാല്‍കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നില്ല.

മന്ത്രി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ മുതല്‍ പുതുവൈപ്പില്‍ ഐ.ഒ.സി. അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.