പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം;കുട്ടികളുടെയും പ്രതിഷേധക്കാരുടേയും തലയില്‍ ലാത്തിയടിച്ച് പോലീസ്‌

എറണാകുളം പുതുവൈപ്പിനില്‍ വീണ്ടും പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെയുളള പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്കുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് തുടങ്ങിയ സമരത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു പൊലീസിന്റെ ലാത്തി പ്രയോഗം. പൊലീസിന്റെ ആക്രമണത്തില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് എന്നാല്‍ അതും ലംഘിക്കപ്പെട്ടു.