ബീഹാറില്‍ ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചെറിഞ്ഞ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

പാട്‌ന: രാഷ്ട്രത്തിന് തീരാ കളങ്കമായി വീണ്ടും അതിക്രമം. ബീഹാറിലെ തെക്കന്‍ ബിഹാറിലെ ലക്ഷിസരായ് ജില്ലയില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. അതീവഗുരുതരമായി പരിക്കേറ്റ പതിനാറുകാരി ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവേയാണ് ആറംഗ സംഘം തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സമീപത്തെ സ്റ്റേഷനില്‍ നിന്നും ബലംപ്രയോഗിച്ച് തീവണ്ടിയില്‍ കയറ്റുകയും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

ശനിയാഴ്ച രാവിലെ ട്രാക്കിനരികെ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ഒളിവിലായ മറ്റ് പ്രതികള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

പാട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആറു മണിക്കൂര്‍ കഴിഞ്ഞാണ് അഡ്മിറ്റ് ചെയ്തതെന്നും പരാതിയുണ്ട്. അതേസമയം, ബെഡ് ഒഴിവില്ലാത്തതിനാലാണ് അഡ്മിഷന്‍ വൈകിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബാലത്സംഗത്തിനിരയായതായി തെളിഞ്ഞതായും ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.