ആദ്യ ദിനം ലാഭ മെട്രോ: ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ; യാത്ര ചെയ്തവര്‍ 62,320 പേര്‍
കൊച്ചി മെട്രോയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ. രാത്രി ഏഴു വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളല്‍ തിരക്കു തുടരുകയാണ്. വൈകീട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളില്‍ കെ.എം.ആര്‍.എല്‍. കൊച്ചി വണ്‍ കാര്‍ഡ് വില്‍പന ആരംഭിച്ചു.
അതേസമയം, വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മെട്രോ തുറന്നപ്പോള്‍ പലരുടെയും മുഖത്ത് ആദ്യം അമ്പരപ്പ് പിന്നെ അതു സന്തോഷത്തിനു വഴിമാറി. സ്റ്റേഷനില്‍ കയറാനും ടിക്കറ്റ് എടുക്കാനും പ്ലാറ്റ്‌ഫോമിലേക്കു പോകാനുമുള്ള നിര്‍ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പലവട്ടം അറിയിച്ചിരുന്നെങ്കിലും നേരിട്ടെത്തിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പം വിട്ടുമാറിയിരുന്നില്ല. ടിക്കറ്റെടുക്കാന്‍ വരി നില്‍ക്കുന്നതിനിടെ, സ്റ്റേഷന്റെ വലതുവശത്തുള്ള ടിക്കറ്റ് കൗണ്ടറുകള്‍ക്ക് അടുത്തെത്താനായി പലരും ധൃതികൂട്ടി.
രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ടിക്കറ്റ് കൗണ്ടറിന് ഇടതുവശത്തുള്ള പ്രവേശന ഗേറ്റിനു സമീപം ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. ടിക്കറ്റിലെ ബാര്‍കോഡ് ഉപയോഗിച്ചു ഗേറ്റ് മറികടന്നു പ്ലാറ്റ്‌ഫോമിലേക്കു പോകുന്നതെങ്ങനെയെന്നു ജീവനക്കാര്‍ ഓരോ ആളുകളോടും വിശദീകരിച്ചു. പിന്നീട് ചിലര്‍ക്ക് ആദ്യം സെല്‍ഫിയെടുക്കണോ അതോ ട്രെയിനില്‍ കയറണോ എന്നായി ആശങ്ക. ട്രെയിനിന്റെ ഫോട്ടോയെടുക്കാന്‍ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാര്‍ക്കും തലവേദനയായി. മെട്രോയിലെ ആദ്യയാത്ര പക്ഷെ ബഹുഭൂരിപക്ഷവും ആനന്ദകരമാക്കി.