വെജിറ്റേറിയന്‍ മരുന്നുകള്‍ മതി; അഭിപ്രായം തേടി കേന്ദ്രം

മരുന്നുകളുടെ നിര്‍മ്മാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രോഗികള്‍ക്ക് നല്‍കുന്ന വെജിറ്റേറിയന്‍ അല്ലാത്ത (ജെലാറ്റിന്‍ ക്യാപ്‌സ്യൂള്‍)പകരം സസ്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്‌സ്യൂളുകളെക്കുറിച്ചുള്ള അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നീക്കം. ഇതോടെ മരുന്ന് നിര്‍മ്മാണരംഗത്തും കേന്ദ്രം കൈവെച്ചുകഴിഞ്ഞു.

മൃഗങ്ങളുടെ കോശങ്ങളിലെ പ്രോട്ടീനായ കൊളാജനില്‍ നിന്നുള്ള നിറവും രുചിയും ഇല്ലാത്ത, വെള്ളത്തില്‍ ലയിക്കുന്ന വസ്തുവായ ജലാറ്റില്‍ ഉപയോഗിച്ചാണ് നിലവില്‍ കാപ്‌സ്യൂളുകള്‍ പൊതിയുന്നത്. ഇത് സസ്യഭുക്കുകളുടെ മതവികാരം വ്രണപ്പെടുത്തുകയും ധാരാളം രോഗികള്‍ കാപ്‌സ്യൂളുകള്‍ ഒഴിവാക്കുകയും ചെയ്യുന്നുവെന്നുമാണ് മേനകാഗാന്ധി ചൂണ്ടിക്കാട്ടിയത്.

അതേസമയം, രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നത് അസുഖത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഡി.ടി.എ.ബി അംഗങ്ങള്‍ ഉന്നയിച്ചു. സസ്യഭുക്ക്, മാംസഭുക്ക് എന്ന് വേര്‍തിരിവ് കൊണ്ടുവരുന്നതില്‍ അപകടമുണ്ട്. മാത്രമല്ല, ചില കാപ്‌സ്യൂളുകളുടെ പുറം കൃത്രിമ പദാര്‍ത്ഥങ്ങളാലാണ് നിര്‍മിക്കേണ്ടത്. അതിനാല്‍, സസ്യഭുക്കുകള്‍ക്കുള്ള മരുന്ന് എന്ന ആശയം പ്രാവര്‍ത്തികമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.