പ്രതിഷേധ സ്വരവും ആഘോഷമാക്കി ഉമ്മന്‍ചാണ്ടിയും സംഘവും; കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ദിന സര്‍വ്വീസില്‍ യാത്ര ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും. ഉമ്മന്‍ ചാണ്ടി കൊച്ചി മെട്രോയിലെ തന്റെ ആദ്യ യാത്ര ആഘോഷമാക്കി. ഉദ്ഘാടന വേദിയിലേയ്ക്ക് ക്ഷണം ലഭിക്കാതിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് മെട്രോയില്‍ കയറാന്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടനചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ അകറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജനകീയയാത്ര നടത്തിയത്.
ഉമ്മന്‍ ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, പി.സി. വിഷ്ണുനാഥ്, കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ്, പി.ടി. തോമസ്, ബെന്നി ബെഹ്നാന്‍, കെ.ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. ആലുവ സ്റ്റേഷനില്‍ നിന്നും ടിക്കറ്റെടുത്ത ശേഷമാണ് നേതാക്കളും പ്രവര്‍ത്തകരും ട്രെയിനില്‍ കയറിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഒപ്പമുണ്ടായിരുന്നത്. പാലാരിവട്ടത്ത് യാത്ര അവസാനിപ്പിച്ച ശേഷം പൊതുസമ്മേളനവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.