നഴ്‌സുമാരുടെ സമരം ശക്തമായതോടെ ആശുപത്രികള്‍ക്ക് പൂട്ടുവീഴുന്നു ; 50 ശതമാനം തുക ഇടക്കാലാശ്വാസം നല്‍കി ദയ ആശുപത്രി കരാര്‍ ഒപ്പിട്ടു
തൃശൂര്‍: ജീവിതം നിലനിര്‍ത്താനുള്ള അവകാശത്തിനായി ഭൂമിയിലെ മാലാഖമാരുടെ പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സ്തംഭനത്തിലേക്ക്. ദയ ആശുപത്രി മാനേജ്‌മെന്റ് മാത്രം നഴ്‌സുമാരുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങി. തുല്യ ജോലിക്ക് തുല്യ കൂലി എന്ന സുപ്രീംകോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമായി.
പ്രക്ഷോഭം ശക്തമായതോടെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കിടത്തി ചികിത്സയ്ക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറഞ്ഞു. മാലാഖമാരുടെ സമരത്തില്‍ തൃശൂര്‍ ദയ ആശുപത്രി മാനേജ്‌മെന്റ് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇവിടെ 50 ശതമാനം ഇക്കാലാശ്വാസം അനുവദിച്ച് കരാര്‍ ഒപ്പിട്ടതോടെ നഴ്‌സുമാര്‍ സംരം അവസാനിപ്പിച്ചു.
മറ്റ് ആശുപത്രികളിലും ചര്‍ച്ച നടക്കുകയാണെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. 27 നു മന്ത്രിതല ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ആവശ്യം ഇന്നു ചേരുന്ന യു.എന്‍.എ സംസ്ഥന, ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. ഇതില്‍ സമവായം ഉണ്ടാകാനാണു സാധ്യത. 27നു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലേക്കും സമരം വ്യാപിക്കാനാണ് തീരുമാനം.