മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു

പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ നിര്‍ത്തുമെന്നും ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ നടപടിയെന്നും പി. രാജു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനണ് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി നടത്തിയിരിക്കുന്നത്. പോലീസിലെ മനുഷ്യ മൃഗമാണ് ഡി.സി.പി യതീഷ് ചന്ദ്ര. അദ്ദേഹത്തിനെതിരെ നടപടിയെടുത്തേ തീരൂവെന്നും രാജു പറഞ്ഞു.

പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. പുതുവൈപ്പിലെ പൊലീസിന്റെ നടപടി എല്‍.ഡി.എഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.

സര്‍ക്കാരിന്റെ പൊലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ജനയുഗം വ്യക്തമാക്കിയിരുന്നു.