നോമ്പുകള്‍: ജീവിതത്തിലെ കാലത്തിന്റെയും ഓര്‍മ്മയുടെയും ലാന്‍ഡ് മാര്‍ക്ക്
കുട്ടിക്കാലത്തു നോമ്പൊരു മത്സരമായിരുന്നു. സ്കൂളിലെയും, ക്ളാസ്സുകളിലെയും ഏറ്റവും നല്ല തല്ലുകാരന്‍. ഞങ്ങളുടെ നാടന്‍ഭാഷയില്‍ ‘അടിക്കാരന്’ ഒക്കെ റാങ്കിങ് ചെയ്യപ്പെടുന്ന കാലമാണ്.
അതുപോലൊരു റാങ്ക് പരിഗണയില്‍ വരാന്‍ എന്നെപ്പോലുള്ള ആളുകള്‍ക്ക് പറ്റിയ മാര്‍ഗ്ഗം റംസാന് നോമ്പ് മുഴുവനും നോല്ക്കുക എന്നതായിരുന്നു. LP സ്കൂളില്‍ നിന്ന് തന്നെ ഞാന്‍ നോമ്പില്‍ ‘അരങ്ങേറ്റം’ നടത്തിയിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ പ്രത്യേകിച്ച് അമുസ്ലിംഗള്ക്കിടയില് ഇത് വലിയ ക്രെഡിറ്റ് ആയിരുന്നു. കൂട്ടുകാരായ ഗോകുലും, സബിലേഷും നോമ്പിന്റെ ക്ഷീണത്തിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തിയ അഭിനയം അഴിച്ചുവിടും.
സത്യം പറഞ്ഞാല്‍ ആദ്യത്തെ രണ്ടുമൂന്നെണ്ണം കഴിഞ്ഞാല്‍ ഇതൊരു രസം കൊല്ലിയാകും. വീട്ടില്‍ നിന്ന് പ്രായം പരിഗണിച്ചു പരമാവധി നിരുത്സാഹപ്പെടുത്തുമെങ്കിലും ക്രെഡിറ്റിന് വേണ്ടി അതൊന്നും മുഖവിലക്കെടുത്തിരുന്നില്ല. ചില നോമ്പുകളൊക്കെ രാവിലെ എട്ടുമണിക്ക് തീരും. പരമരഹസ്യമാണ്. അക്കാലത്തു ഡിസംബര്‍ -ജനുവരി സമയത്താണ് നോമ്പ്.
അറബിക് കലണ്ടറില്‍ പരിചയം ഇല്ലാത്തവരോടായി സാന്ദര്‍ഭികമായി ഒരു കാര്യം പറയാം. അറബിക് മാസവും ഇംഗ്ലീഷ് കലണ്ടറും തമ്മില്‍ പത്തു ദിവസത്തിന്റെ വ്യത്യാസം കാണും. 36 വര്‍ഷം കൊണ്ട് റംസാന് എല്ലാ ഇംഗ്ലീഷ് മാസങ്ങളെയും കടന്നുപോകുമെന്ന് സാരം.
പറഞ്ഞു വന്നത്, ക്രിസ്ത്മസ് പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടയ്ക്കുന്ന ദിവസം ഒരു വെല്ലുവിളി ഉണ്ടായിരുന്നു. അന്നത്തെ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഓരോ കുട്ടിക്കും 5kg അരിയുണ്ടയിരുന്നു. നീണ്ട ക്യൂ ഒക്കെ കഴിഞ്ഞാവും ഇത് തരപ്പെടുക. നോമ്പുമെടുത്തു 5kg അരിയും തലയില്‍ വെച്ച് ഞാന്‍ നടന്നു. തുടക്കത്തിലേ ആവേശമൊന്നും യാത്ര പകുതി പിന്നിട്ടപ്പോള്‍ ഇല്ല. എന്റെ വീരത്വം കാണിക്കാന്‍ ഞാന്‍ നാലുപാടും നോക്കി ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ടായിരുന്നു.
വഴിയില്‍ റോഡരികില്‍ എളോമ്മയുടെ വീടുണ്ട്. പലപ്പോഴും എളോമ്മ മതിലില്‍ നിന്ന് താഴെ റോഡിലെ യാത്രക്കാരെ നോക്കി നില്‍ക്കാറുണ്ട്. എന്റെ മുഖത്തെ ദൈന്യത കണ്ടിട്ടാവണം എന്നെ ആ വീട്ടിലേക്കു ക്ഷണിച്ചു. വലിയ പരിഷ്കാരി വീടാണ്. അവരുടെ ശബ്ദം വരെ ആ വീടിന്റെ കുലീനതയുമായ് അനുനാദത്തില്‍ ആയിരുന്നു. അരി വാങ്ങിവെച്ചു എന്നെ കസേരയില്‍ ഇരുത്തി. ഒന്നും ചോദിച്ചില്ല. അടുക്കളയില്‍ പോയി എനിക്ക് കോഴിവടയും തണുത്ത വെള്ളവും തന്നു. ഞങ്ങളുടെ പ്രദേശത്തു ഫ്രിഡ്ജ് ഉള്ള അപൂര്‍വ്വം വീടുകളില്‍ ഒന്നായിരുന്നു അത്. ഏളോമ്മയുടെ സ്വന്തം കൈപുണ്യമായതിനാല് കോഴിവടക്കു നല്ല രുചിയുണ്ട്. വിശപ്പും ദാഹവും ശമിച്ചപ്പോഴാണ് വരാന്‍ പോകുന്ന പുകില് ഓര്‍ത്തത്.
ക്ഷീണം മാറ്റി യാത്രതുടര്‍ന്ന ഞാന്‍ നോമ്പ് അഭിനയിച്ചു തീര്‍ത്തു. പക്ഷെ ഒന്ന് രണ്ടു ദിവസം കൊണ്ട് വാര്‍ത്ത ഉമ്മയുടെ കാതിലെത്തി. ഒരു ബാലന്റെ ചാപല്യമായി ഉമ്മ അത് തള്ളിക്കളഞ്ഞു, പക്ഷെ ഉപ്പയെ ചൊടിപ്പിച്ചു നോമ്പ് മുറിച്ചതിനല്ല മുറിച്ചിട്ടും ഒളിപ്പിച്ചു കള്ളത്തരം കാട്ടിയതിന്. ഒരു പക്ഷെ ആ കൊല്ലത്തെ നോമ്പുതന്ന സന്ദേശം അതായിരിക്കാം.. നല്ല ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ച് കൊണ്ട് ജീവിതത്തിലെ കാലത്തിന്റെയും ഓര്‍മ്മയുടെയും ലാന്‍ഡ് മാര്‍ക്ക് ആയി നോമ്പുകള്‍ നമ്മിലൂടെ സഞ്ചരിക്കുന്നു.