ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി യുഡിഎഫിന്റെ മെട്രോ യാത്ര; ടിക്കറ്റെടുത്തത് 200 പേര്‍ക്ക് കയറിയത് ആയിരത്തിലധികം പേര്‍
മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യു.ഡി.എഫ്. സംഘം നടത്തിയ മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്. മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് യു.ഡി.എഫ്. ജനകീയ മെട്രോ യാത്ര നടത്തിയത്.
ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും നടത്തിയത് മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടതെന്നും മെട്രോ അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാ ഗേറ്റുകള്‍ തുറന്നിടേണ്ടതായി വന്നു. പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനാുമായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിനുമിടെ ഉമ്മന്‍ ചാണ്ടി കാല്‍ തെറ്റി വീഴുകയും ചെയ്തു.
യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിക്കിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്ററും തകരാറിലായി.മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘം യാത്ര നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി മെട്രോ അധികൃതര്‍ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോാദിക്കുന്നത് സംബന്ധിച്ചും അധികൃതരുടെ പരിഗണനയിലുണ്ട്. സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ശിക്ഷാഹര്‍മായ നിലപാടാണെന്നാണ് വിലയിരുത്തുന്നത്.
പ്രവര്‍ത്തകരുടെ ബഹളം മൂലം സുരക്ഷാ പരിശോധനയ്ക്കായുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ തിരക്കില്‍ ഇളകിയാടി. ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷനായുള്ള ഗേറ്റുകള്‍ തുറന്നുവച്ചു. സുരക്ഷാ പരിശോധനകള്‍ ഒന്നുമില്ലാതെ ആളുകള്‍ മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. അപകടകരമായ രീതിയില്‍ പ്ലാറ്റ്‌ഫോമില്‍ വരെ തിരക്കും ബഹളവുമായി. തിരക്കിനിടെ പലരും പ്ലാറ്റ്‌ഫോമിലെ മഞ്ഞവര മറികടന്ന് ട്രാക്കിനടുത്തെത്തിയത് മെട്രോ അധികൃതരെ ആശങ്കപ്പെടുത്തി. സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശം കേള്‍ക്കാന്‍ പോലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തയാറായില്ല.
രമാവധി 1000 പേര്‍ക്കു കയാറാവുന്ന മെട്രോയില്‍ അതിലും ഏറെ ആളുകള്‍ ഇടിച്ചു കയറി. ഇത് മൂലം വാതിലുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല.സ്റ്റേഷനില്‍ മുദ്രാവാക്യം വിളികള്‍ പാടില്ലെന്നാണ് ചട്ടം. ഇത് സൂചിപ്പിച്ച് തുടരെത്തുടരെ അറിയിപ്പ് ഉണ്ടായെങ്കിലും ഒരു മണിക്കൂറോളം സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.