മഴ കിനിയാത്ത കേരളം: മഴ ലഭ്യതയില്‍ 30 ശതമാനത്തിന്‍റെ കുറവ്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കേരളത്തില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. ഒരാഴ്ചയായി മഴ മാറിനില്‍ക്കുന്നു. ഇക്കാലയളവില്‍ ഏകദേശം 30 ശതമാനത്തിന്റെ കുറവാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലും മഴയില്‍ വലിയ കുറവാണുണ്ടായിട്ടുള്ളതെങ്കിലും ഇടുക്കിയിലാണ് ഏറ്റവും മഴക്കുറവ്. അതേസമയം, രാജ്യത്തിന്റെ കിഴക്കന്‍മേഖലകളില്‍ മഴ ശക്തിയാര്‍ജിച്ചിട്ടുണ്ട്.

ഇടയ്ക്ക് നീണ്ട കാലയളവില്‍ മഴയുണ്ടാവില്ല. അതിനുശേഷം വളരെ ശക്തമാകും. ഇന്നത്തെ സാഹചര്യത്തില്‍ രണ്ടുദിവസം കൂടി ഇതേ കാലാവസ്ഥ തന്നെ തുടരും. ഇതിനുശേഷം മഴ ശക്തിപ്രാപിക്കും. മഴ പെയ്യാതിരിക്കുമ്പോള്‍ ചൂട് കൂടുമെങ്കിലും അതില്‍ വിഷമിക്കേണ്ടതില്ല. ഇതു സാധാരണപ്രതിഭാസം മാത്രമാണ്. നാല്, അഞ്ച് ദിവസത്തിനുള്ളില്‍ നല്ല മഴ ലഭിക്കുംമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം. സെപ്റ്റംബര്‍ അവസാനം വരെയാണ് കാലവര്‍ഷത്തിന്റെ കാലയളവ്.

ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ പ്രതീക്ഷിച്ചിരുന്നത് 405.5 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ആകെ ലഭിച്ചത് 282.1 മി.മി ആണ്. കഴിഞ്ഞ ആഴ്ചവരെ മഴ നല്ല രീതിയില്‍ ലഭിച്ചിരുന്നു. കഴിഞ്ഞ 14 വരെയുള്ള കണക്കുപ്രകാരം ലഭിക്കേണ്ടിയിരുന്നത് 276.5മി.മി. മഴയാണ്. അതില്‍ 261.8 മി.മി. ലഭിച്ചു. മൈനസ് അഞ്ചിനും താഴേ ശതമാനം കുറവുമാത്രമാണ് ഈ കാലയളവിലുണ്ടായത്. അതിനുശേഷമുള്ള ഒരാഴ്ച 129 മി.മി. മഴ ലഭിക്കേണ്ടതായിരുന്നു.എന്നാല്‍, കിട്ടിയത് 36.65 മി.മി. മാത്രം.

ഇടുക്കിയിലെ സ്ഥിതി വളരെ മോശം. ഈ കാലയളവില്‍ അവിടെ ലഭിക്കേണ്ടിയിരുന്നത് 389.7 മി.മി. മഴയായിരുന്നു. ആകെ ലഭിച്ചത് 183.26 മി.മി. മാത്രം. തുടക്കം മുതല്‍ തന്നെ ഇടുക്കിയില്‍ ഇക്കുറി മഴ വല്ലാതെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ പതിനാലുവരെ 262.3 മി.മി. മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നത് 171.4 മി.മി. ആണ്. കേരളത്തിന് വേണ്ട വൈദ്യുതിയുടെ സിംഹഭാഗവും ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയിലെ മഴക്കുറവ് ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ മഴ ചതിച്ചതിനാല്‍ വൈദ്യുതിബോര്‍ഡിന്റെ അണക്കെട്ടുകള്‍ക്കു ജലസമൃദ്ധി അന്യമാണ്.