മലയാള സിനിമയ്ക്ക് വീണ്ടും രക്ഷകനായി ദിലീപ് ; ഒരു സമരം കൂടി ഒത്തുതീര്‍പ്പാക്കി ; റംസാന്‍ ചിത്രങ്ങള്‍ക്കുള്ള ഭീഷണി ഒഴിഞ്ഞു

റംസാന്‍ റിലീസ് ആയ ചിത്രങ്ങളുടെ ഭീഷണി ഒഴിവായി. നടനും നിര്‍മ്മാതാവുമായ ദിലീപിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഒരു സമരം കൂടി അവസാനിച്ചത്. മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് റംസാന്‍ റിലീസ് നല്‍കേണ്ടതില്ല എന്ന് നിര്‍മ്മാതാക്കളും വിതരണക്കാരുടെയും തീരുമാനമാണ് വീണ്ടും പ്രതിസന്ധിയിലേയ്ക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ചത്. ദിലീപ് മധ്യസ്ഥത വഹിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വിതരണ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലമാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനമായത്. ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷന്‍ എന്നിവര്‍ അടങ്ങിയ കോര്‍ കമ്മിറ്റിയും മള്‍ട്ടിപ്ലക്‌സ് അധികൃതരുമാണ് കൊച്ചിയിൽ വെച്ച് ചര്‍ച്ച നടത്തിയത്. പ്രതിസന്ധി തീര്‍ന്നതോടെ റംസാന്‍ ചിത്രങ്ങള്‍ മൾട്ടിപ്ലക്‌സുകളിലെത്തുമെന്നുറപ്പായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സ്, ഷാനില്‍ മുഹമ്മദിന്റെ അവരുടെ രാവുകള്‍, പൃഥ്വിരാജ് ഇന്ദ്രജിത്ത് ടീമിന്റെ ടിയാന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളാണ് റംസാന് തിയേറ്ററുകളിലേക്കെത്തുന്നത്. പിവിആര്‍ സിനിമാസ്, സിനിപോളിസ്, ഇനോക്‌സ് സിനിമാസ് എന്നീ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിനിമ റിലീസിന്റെ ആദ്യ ആഴ്ചയില്‍ നിര്‍മ്മാതാക്കള്‍ക്ക് 55 ശതമാനവും തീയറ്റര്‍ ഉടമകള്‍ക്ക് 45 ശതമാനവും എന്നതായിരുന്നു തീയറ്റര്‍ വിഹിതത്തിലെ പങ്കുവെയ്പ്പ്.