ജനകീയ മെട്രോ യാത്ര: ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ജനകീയ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം.
പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ വലച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. മെട്രോയുടെ പിതൃത്വം അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ്. സംഘം മെട്രോ യാത്ര നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി. തോമസ്, ഹൈബി ഈഡന്, മേയര്‍ സൗമിനി ജെയ്ന്‍, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന് തുങ്ങി നേതാക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി യു.ഡി.എഫ്. ജനകീയ മെട്രോ യാത്ര നടത്തിയത്. മുദ്രാവാക്യം വിളികളള്പ്പെടെ പരക്കെ ചട്ടലംഘനമായിരുന്നു യാത്രയിലുടനീളം.