നടിയെ ആക്രമിച്ച സംഭവം: നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, സഹതടവുകാരോട് സുനി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പോലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരോട് അക്രമത്തെക്കുറിച്ചും തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയവരെക്കുറിച്ചും അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ പങ്കുവെച്ചതായാണ് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. എ.ഡി.ജി.പി. ബി.സന്ധ്യയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
മുന്‍പ് സുനിക്കൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു ഇത്. ആലുവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണമെന്നാണ് ഉത്തരവ്.
നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായിരുന്നു ജിന്‍സണ്‍. കാക്കനാട്ടെ ജില്ലാജയിലില്‍ ജിന്‍സണെ റിമാന്റ് ചെയ്തിരുന്ന ജയില്‍ മുറിയില്‍ത്തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. സുനി സഹതടവുകാരോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ മുന്‍നിര്‍ത്തി കേസ് അന്വേഷണത്തിന് പുതിയ വഴി തേടാനുള്ള ശ്രമത്തിലാണ് പോലീസ്.