ബീഫിനെ ചൊല്ലി തര്‍ക്കം ; ട്രെയിനില്‍ യുവാവിനെ യാത്രക്കാര്‍ കുത്തിക്കൊന്നു

ബീഫിന്റെ പേരില്‍ രാജ്യത്ത് ഒരു മരണം കൂടി. ഡല്‍ഹി മധുര തീവണ്ടിയിലാണ് സംഭവം ഉണ്ടായത്. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങള്‍ വാങ്ങിയ വരികയായിരുന്ന സമയം‍.ട്രെയിനില്‍ സീറ്റിനു വേണ്ടി സഹയാത്രികരുമായി ഇവര്‍ വഴക്കിടുകയായിരുന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞു വഴക്ക് ഇവരുടെ കൈവശം ബീഫ് ഉണ്ട് എന്ന വിഷയത്തിലായി. അതിനെ തുടര്‍ന്ന്‍ ഇവരുടെ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാര്‍ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യുവാക്കളെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. ‘തീവണ്ടിയില്‍ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേര്‍ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേര്‍ന്ന് ബഹളമായി. പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്‍ താമസിച്ചു. അതിനിടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു’; ഷാക്കിര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ജാര്‍ഖണ്ഡില്‍ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും. തീവണ്ടിയിലുള്ളര്‍ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ബാഗില്‍ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു. അതേസമയം ബീഫിനെ ചൊല്ലിയല്ല സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറയുന്നു.