കള്ളനോട്ടടിച്ചത് ശോഭാസുരേന്ദ്രന് സ്വീകരണം ഒരുക്കിയതിലെ പ്രമുഖന്‍; കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള പ്രചാരണയാത്രയുടെ ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍

കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അച്ചടിച്ച കേസില്‍ പോലീസ് തിരയുന്ന രാകേഷ് ഏഴാച്ചേരി കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി നടത്തിയ പ്രചരണ ജാഥയ്ക്ക് മുന്‍പന്തിയിലുണ്ടായിരുന്നയാള്‍. 2017 ജനുവരി 11 ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ യാത്രയ്ക്ക് മതിലകം സെന്ററില്‍ നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയ ആളു കൂടിയാണ് രാകേഷ്. ഒ.ബി.സി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറിയാണ് ഇയാള്‍.

രാകേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ കള്ളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ മതിലകം സെന്ററില്‍ നടന്ന സ്വീകരണ പരിപാടിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി.

കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുനിരോധനത്തെ അനുകൂലിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കള്ളനോട്ട് വിതരണം ചെയ്തതിന് പിടിയിലായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ ഇവര്‍ക്ക് തിരിച്ചടി നല്‍കാനാകുമെന്നും പറഞ്ഞാണ് മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ന്യായീകരിച്ചത്.

പുതിയ 2000രൂപ നോട്ടുകള്‍ പുറത്തിറങ്ങിയ വേളയില്‍ ഇവയ്ക്ക് അതീവ സുരക്ഷയുണ്ടെന്നും വ്യാജനുണ്ടാക്കാന്‍ കഴിയില്ലെന്നും പരക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കള്ളനോട്ട് അച്ചടിക്ക് ബി.ജെ.പി. പ്രവര്‍ത്തകന്‍ തന്നെ പിടിയിലായത് ബി.ജെ.പി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ കുഴക്കി.