ഭൂമി വിട്ടു നല്‍കിയവരെ പരീക്ഷിച്ച് സര്‍ക്കാര്‍; ചെമ്പുകവ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമെന്നു നാട്ടുകാര്‍
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍, കെ.എസ്.ഇ.ബിയുടെ ജല വൈദ്യുത പദ്ധതികള്‍ക്കായി ഭൂമി വിട്ടു നല്‍കിയവര്‍ പെരുവഴിയില്‍. ചെമ്പുകടവ് ഒന്നും, രണ്ടും പദ്ധതികളുടെ തുടര്‍ച്ചയായുള്ള മൂന്നാം ഘട്ടം പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടുനില്‍ക്കാന്‍ തയ്യാറായി സമ്മതപത്രം നല്‍കിയവരാണ് ദുരിതത്തിലായത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലിനായി പല തവണ, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അതുകൊണ്ട് തന്നെ സ്വന്തം ഭൂമിയില്‍ ആത്മാവിശ്വസത്തോടെ വിളയിറക്കാനോ, കെ.എസ്.ഇ.ബി. വര്‍ഷങ്ങള്‍ക്കു മുമ്പേ സര്‍വേ പൂര്‍ത്തിയാക്കിയ സ്വന്തം ഭൂമിയില്‍ ക്രയവിക്രയം നടത്താനോ സാധിക്കാതെ വലയുകയാണ് 36 കുടുംബങ്ങള്‍.
മൂന്നാം ഘട്ട പദ്ധതിക്കായി 36 കുടുംബങ്ങളുടെ ഭൂമിയായിരുന്നു ആവശ്യമായിരുന്നത്. പദ്ധതിക്കു വേണ്ടി 36 പേരും സ്ഥലം വിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇത് പ്രദേശത്ത് കൃഷിയിലൂടെ വരുമാനം കണ്ടെത്തി ജീവിച്ചിരുന്ന കുടുംബങ്ങളെയാണ് വലച്ചിരിക്കുന്നത്.
2010 മുതല്‍ മൂന്നാംഘട്ടം പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ഒരു പ്രത്യേക പ്രോജക്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് 2013ല്‍ പദ്ധതി നടത്തിനിപ്പിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ ജില്ലാ കളക്ടറോട് കെ.എസ്.ഇ.ബി. ആവശ്യപ്പെടുകയും, തുടര്‍ന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം ജനങ്ങള്‍ രേഖകള്‍ തയ്യറാക്കിയിരുന്നതുമാണ്. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
പദ്ധതിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെട സാധ്യമാകാത്തതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.