മെട്രോമാന് പറഞ്ഞു നിധി പോലെ കാത്തു സൂക്ഷിക്കണമെന്ന്; മലയാളി ചെയ്തത് ഇങ്ങനെ.. എന്തൊരു ഉത്തരവാദിത്വം
കൊച്ചി മെട്രോ എന്ന നിധിയെ വൃത്തികേടാക്കാതെ സംരക്ഷിക്കണം മെട്രോമാന് ഇ. ശ്രീധരന് കേരളത്തോട് ആവശ്യപ്പെട്ടത് ഇതുമാത്രം. തിരിച്ചു നല്കിയതാകട്ടെ ആദ്യദിനം തന്നെ ട്രെയിനിന്റെ ഗ്ലാസുകള്‍ക്കിടയില്‍ ടിക്കറ്റുകള്‍ കുത്തിനിറച്ച് മലയാളിത്തത്തിന് അടിവരയിട്ടു.
ഇപ്പോഴിതാ, ഇന്ത്യന്‍ റെയില്‍വേയോട് പെരുമാറുന്നതിലും കഷ്ട്ടമായി മെട്രോ ട്രെയിനുകളോടും മലയാളികള്‍ തനിസ്വരൂപം പുറത്തെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതാണ് തങ്ങളുടെ മനോഭാവമെന്ന് തെളിയിക്കുകയാണ് മെട്രോ ഉപഭോക്താക്കളായ മലയാളികള്‍. മെട്രോ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിക്കാന്‍ കെഎം.ആര്‍എല്‍ പാടുപെട്ടതാണ്. മാധ്യമങ്ങള്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണത്തിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന വാശിയിലാണെന്ന പോലെയാണ് ഇടപെടുന്നത്.
പത്തടിപ്പാലം, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലെ തൂണുകളില്‍ കോറിവരച്ചിട്ടിരിക്കുന്നത് പേരുകളാണ്. ഇതുപോലെ നിലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും മെട്രോ കാഴ്ചയാണ്. ഇതോടെ കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മെട്രോ അധികൃതര്‍. സി.സി.ടി.വി നിരീക്ഷിച്ച് ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യാനാണ് കെ.എം.ആര്.എല്‍. തീരുമാനം.
മെട്രോയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആദ്യദിനം ഉച്ചവരെ മാത്രം 15 പേര്‍ക്ക് പിഴ ഈടാക്കിയിരുന്നു. ഇതുവരെ ആകെ 114 പേരാണ് പിഴയൊടുക്കിയവര്‍. എന്നാല്‍ പിഴയിനത്തില്‍ എത്ര രൂപ ലഭിച്ചെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇങ്ങനെ പോകുകയാണെങ്കില്‍ ടിക്കറ്റ് നിരക്കില്‍ നിന്ന് ലഭിക്കുന്നതിലധികം തുക മെട്രോയ്ക്ക് പിഴയിനത്തില്‍ പിരിച്ചെടുക്കാനാകും. പിഴ നല്കിയാലും ശീലം മാറ്റാനൊന്നും മലയാളി ഒരുക്കമല്ല.
മാതൃകയാകേണ്ടവര്‍തന്നെ ജനകീയ യാത്ര നടത്തി കാട്ടിക്കൂട്ടിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 925 പേര്‍ക്ക് യാത്രചെയ്യാവുന്ന മെട്രോയില്‍ 1000ത്തില്‍ അധികം പേര് കയറിയും, എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയായിരുന്നു. മലയാളി മാറാന്‍ തയ്യാറല്ലെന്നുള്ളതിന് ഇതില്‍ പരം തെളിവുകള്‍ ഇനി എന്താണ് വേണ്ടത്.
ഏറ്റവും ഒടുവില്‍ ചോര്‍ന്നൊലിക്കുന്ന മെട്രോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
വീഡിയോ കാണാം