തൃശൂരില്‍ നഴ്‌സുമാര്‍ പോരാട്ടത്തിലൂടെ നേടിയ വിജയം വഴികാട്ടിയാവുന്നു ; മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും
തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന വര്‍ധനവിന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ശമ്പള ശുപാര്‍ശ തയ്യാറാക്കി ഉത്തരവിറക്കും. 27 ലെ ഐ.ആര്‍.സി യോഗത്തില്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറായില്ലെങ്കില്‍ ശമ്പളം സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ തൊഴില്‍ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിനു കൈമാറി ഉത്തരവ് ഇറക്കാനാണ് സര്‍ക്കാര്‍ തൊഴില്‍ വകുപ്പിനേട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരിലെ മാലാഖമാരുടെ പോരാട്ട വിജയം സംസ്ഥാനത്തെ മുഴുവന്‍ നഴ്‌സുമാര്‍ക്കും അടിസ്ഥാന ശമ്പളം 13,000 രൂപയില്‍ കുറയില്ലെന്ന് ഉറപ്പാക്കി. തൃശൂരിലെ ഒന്‍പത് മാനേജ്‌മെന്റുകളുമായി ഒപ്പിട്ട കരാര്‍ 27 ന് നടക്കാന്‍ പോകുന്ന ചര്‍ച്ചയില്‍ വഴിമരുന്നായി മാറുകയാണ്.
നിലവില്‍ ബി.എസ്.സി നഴ്‌സിന്റെ അടിസ്ഥാനശമ്പളം 8975 രൂപയാണ്. 50 ശതമാനം വര്‍ധന വരുമ്പോള്‍ ഇത് 13462 രൂപയായി ഉയരും. ജി.എന്‍.എം നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 8725 രൂപയില്‍ നിന്ന് 13087 രൂപയായി മാറും. ഇതിനൊപ്പം ഡി.എ, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും നല്‍കണം. 27 ലെ ഐ.ആര്‍.സി യോഗത്തില്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറായില്ലെങ്കില്‍ തൊഴില്‍ വകുപ്പ് ശമ്പളം സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കും. അത് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിനു വിട്ടു ഉത്തരവ് ഇറക്കാനാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം.
നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഇടക്കാലാശ്വാസമായി അനുവദിക്കാന്‍ കാരാറായത്. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് കരാര്‍ ഒപ്പിട്ടത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐ.ആര്‍.സി) 27 നുയോഗം ചേരുന്നുണ്ട്. അന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
മാനേജ്‌മെന്റുകളും നഴ്‌സുമാരുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ഐ.ആര്‍.സി യോഗം പലതവണ ചേര്‍ന്നെങ്കിലും തീരുമാനം എടുക്കാതെ പിരിഞ്ഞു. എന്നാല്‍, 27 ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഇനിയും നീട്ടികൊണ്ടു പോകാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍.
അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാവൂ എന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചു നിന്നതാണ് ഐ.ആര്‍.സി യോഗങ്ങള്‍ തീരുമാനം ആകെ അലസിപിരിയാന്‍ കാരണമായത്. എന്നാല്‍, നഴ്‌സുമാരുടെ സംഘടിത പോരാട്ടത്തിന് മുന്നില്‍ തൃശ്ശൂരിലെ മാനേജുമെന്റുകള്‍ വഴങ്ങിയതോടെ 27 ലെ യോഗത്തിന് ആ തീരുമാനങ്ങള്‍ സഹായകരമാകുകയാണ്.
കരാര്‍ ഒപ്പിട്ട തൃശൂരിലെ മാനേജ്‌മെന്റുകള്‍ ഐ.ആര്‍.സിയില്‍ അംഗങ്ങളാണ്. 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാമെന്നു സമ്മതിച്ചതിനാല്‍ 27 ലെ യോഗത്തില്‍ അതില്‍ കുറഞ്ഞൊരു വര്‍ധനയ്ക്ക് സാധുത ലഭിക്കില്ല. 50 ശതമാനത്തില്‍ കുറഞ്ഞൊരു വര്‍ധനവിനെ സര്‍ക്കാരും പിന്തുണയ്ക്കില്ല.