വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല: രാഷ്ട്രീയത്തിലേയ്ക്കു കടക്കുമെന്ന സൂചനകള്‍ ശക്തമാക്കി രജനികാന്ത്‌

തമിഴ് രാഷ്ട്രീയ പ്രവേശനം ഉടനെന്ന് ശക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയാണ്. വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല. തീരുമാനമുണ്ടാകുമ്പോള്‍ അറിയിക്കാമെന്നും രാഷ്ട്രീയ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച്ചകള്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ചെന്നൈ വിമാനത്താവളത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച്ച 16 കര്‍ഷകരുമായി രജനി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നദികള്‍ സംയോജിപ്പിക്കണമെന്നായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം. നദീസംയോജനത്തിനായി ഒരു കോടി രൂപ നല്‍കുമെന്നും പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുമെന്നും രജനി കര്‍ഷകരോട് പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് കഴിഞ്ഞ മാസം ആരാധകരുമായും സംവദിച്ചിരുന്നു.