ഇവിടുത്തെ പല ഷൂട്ടിങ്ങുകളും മുടങ്ങും; വിഷ്ണുവിന്റെ വെളിപ്പെടുത്തലില്‍ നടീനടന്‍മാരും നിര്‍മാതാക്കളും, നാദിര്‍ഷ മാധ്യമങ്ങളെ കണ്ടു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പുറത്തു പറയാതിരിക്കാന്‍ പണമാവശ്യപ്പെട്ട പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പറഞ്ഞ പേരുകള്‍ ദിലീപിന്റെ ശത്രുക്കളെന്ന് വാര്‍ത്തകളില്‍ വരുന്ന പേരുകളില്‍ പലതുമാണെന്ന് നാദിര്‍ഷ.

മലയാളസിനിമയിലെ പല നടിമാരുടെയും നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും പേരുകള്‍ അക്കൂട്ടത്തിലുണ്ടെന്നും നാദിര്‍ഷ. സുനിയുടെ സഹതടവുകാരന്‍ രണ്ട് മാസം മുന്‍പ് ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് നാദിര്‍ഷ മാധ്യമങ്ങളെ കണ്ടത്.

നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞത്

ഞാനും ദിലീപുമൊക്കെ പങ്കെടുത്ത അമേരിക്കന്‍ ഷോയ്ക്ക് ഒരാഴ്ച മുന്‍പാണ് വിഷ്ണു എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചത്. എന്തോ ഒരു പന്തികേട് തോന്നിയതിനാല്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നി. എന്റെ ഫോണില്‍ റെക്കോര്‍ഡിംഗ് ഇല്ലാത്തതിനാല്‍ സുഹൃത്തിന്റെ ഫോണ്‍ വാങ്ങി തിരിച്ചുവിളിച്ചു. ദിലീപേട്ടന് ഒരു ‘ടാര്‍ജറ്റ്’ ഉണ്ട്. സുനി പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നത്. ചേട്ടനോട് പറഞ്ഞാല്‍ ദിലീപേട്ടന്‍ അറിഞ്ഞോളുമല്ലോ എന്നും അയാള്‍ പറഞ്ഞു. ദിലീപിന്റെ പേര് പറയൂ എന്ന് ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. ദിലീപ് ശരിക്കും നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്നൊക്കെ വിഷ്ണു എന്ന് പരിചയപ്പെടുത്തിയയാള്‍ പറഞ്ഞു. ഇടപ്പള്ളിയിലാണ് വീടെന്നാണ് പറഞ്ഞത്. ചോദിച്ചപ്പോള്‍ ഇന്റസ്ട്രിയുമായി ബന്ധമൊന്നുമില്ലെന്നും സുനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താനാണെന്നും പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ആരൊക്കെയാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും പറഞ്ഞു.
വിഷ്ണു പറഞ്ഞ പേരുകള്‍ക്ക് പിറകേ പോവുകയാണെങ്കില്‍ മലയാളം ഇന്റസ്ട്രിയിലെ പ്രധാനപ്പെട്ട ഒരു ഏരിയയാണ് അത്. നടി അക്രമിക്കപ്പെട്ട സംഭവം സുനി സ്വന്തമായി തയ്യാറാക്കിയ ബ്ലാക്ക്‌മെയിലിംഗ് പദ്ധതി ആയിരുന്നുവെന്നും പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരില്‍ ഊഹാപോഹങ്ങള്‍ പുറത്തുവരുമ്പോള്‍ മറ്റുള്ളവരുടെ ആവശ്യപ്രകാരം അത് പറയണോ എന്നാണ് ആലോചിക്കുന്നതെന്നും വിഷ്ണു പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കായി പൈസയുടെ ആവശ്യമുണ്ടെന്നും.