പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; പരാതിയുമായി നാദിര്‍ഷയും ദിലീപും, ഒന്നരക്കോടി പേര് പറായാതിരിക്കാനായി ആവശ്യപ്പെടുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ജയിലിലുള്ള പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസിന് പരാതി നല്‍കി.
ദീലീപിനെ കുടുക്കാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു. സിനിമാരംഗത്തെ താരങ്ങള്‍ ഉള്‍പ്പെടെ ചിലരാണ് ഇതിന് പിന്നിലെന്ന് സഹതടവുകാരന്‍ വിഷ്ണു ഫോണിലൂടെ തന്നോട് പറഞ്ഞതായും നാദിര്‍ഷാ പറഞ്ഞു.
എന്റെ സഹായിയെയും നാദിര്‍ഷായെയുമാണ് വിളിച്ചത്. ഇവരുടെ ഫോണ്‍വിളികള്‍ അടക്കം ഭീഷണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ പോലീസിന് കൈമാറിയെന്ന് നടന്‍ ദിലീപ് പ്രതികരിച്ചു.
തുടരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. പരാതി നല്‍കിയത് രണ്ട് മാസം മുമ്പാണ്. തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു. പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സത്യം പുറത്ത് വരുമെന്നാണ് താന്‍ കരുതുന്നതെന്നും ദിലീപ് പറഞ്ഞു. പള്‍സര്‍ സുനി ജയിലിനകത്ത് വച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി വീണ്ടും എടുത്തിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ സിനിമാക്കാരില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.