നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ ഉന്നം വെച്ച സുനിയുടെ കത്ത് പുറത്ത്; ഇനി പുറത്തു വരാനിരിക്കുന്നതെന്ത്?…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് പുറത്തായി. തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യമാണ് സുനി കത്തില്‍ പറയുന്നത്. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്ന സൂചന നല്‍കുന്നതാണ് പള്‍സര്‍ സുനിയുടെ കത്തിലെ വാക്കുകള്‍. സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന പരിഭവമാണ് സുനി കത്തില്‍ പങ്കുവയ്ക്കുന്നത്. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്.

വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം. കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കില്‍, 300 രൂപ തന്റെ ജയില്‍ വിലാസത്തിലേക്ക് മണി ഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ ലഭിച്ചാല്‍ ചേട്ടന്‍ കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അഞ്ച് മാസമായി താന്‍ ജയിലില്‍ കഴിഞ്ഞപ്പോഴും ചേട്ടനുമായി ബന്ധപ്പെട്ട ഒരു കാര്യവും താന്‍ പുറത്തുപറഞ്ഞിട്ടില്ല. ദിലീപുമായി ബന്ധമുള്ള ചില സിനിമകളുടെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയാമല്ലോ എന്നും പള്‍സര്‍ സുനിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹായിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റുമെന്നും കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.