ആദിവാസികളേ… നിങ്ങള്‍ കുരുമുളക് വിറ്റ് കാറുവാങ്ങരുത്… ചോര്‍ന്നൊലിക്കുന്ന കൂരയാണ് മുഖമുദ്ര, ഞങ്ങള്‍ക്കതാണിഷ്ടം..

സി.കെ. ജാനുവിന് സ്വന്തമായി കാറ് വാങ്ങാന്‍ പറ്റില്ലേ?… ഇല്ല കാരണം മലയാളിക്ക് ആദിവാസി എന്നാല്‍ ഒരു സങ്കല്‍പ്പമുണ്ട് അതില്‍ നിന്ന് അവര്‍ ഒട്ടും വ്യതിചലിക്കാന്‍ പാടില്ലെന്ന വാശിയുമുണ്ട്. അതു തന്നെയാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സി.കെ. ജാനു കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ചിത്രം പുറത്തു വന്നതു മുതല്‍ കണ്ടുകൊണ്ടിരിക്കുന്നതും.

ജാനു ആദിവാസികളെ ഒന്നാകെ വഞ്ചിച്ചു എന്നും, ആ പണമാണ് മുത്തങ്ങ സമര നായികയകയ്ക്ക് കാറുവാങ്ങാനായി ഉപയോഗിച്ചതെന്നുമുള്ള തരത്തിലാണ് പ്രതികരണങ്ങള്‍. എന്നാല്‍ യു.ഡി.എഫ്, എന്‍.ഡി.എ. മുന്നണികളുടെ ഭാഗമായി അവര്‍ സമ്പാദിച്ചു കൂട്ടിയത് കോടികളാണെന്നാണ് നവമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയാകുന്നത്. ഇനി ഈ പറയുന്നത് പോലെ ജാനു അഴിമതി നടത്തുകയോ അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്‌തെന്നിരിക്കട്ടെ ചോദ്യം ചെയ്യാന്‍ അവസരങ്ങളുണ്ടല്ലോ? ഇതു വരെ അത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നു വന്നിട്ടുമില്ല. പിന്നെ എന്തിനാണ് ഇത്തരം വിവാദങ്ങള്‍.

എന്തായാലും ഇതു സംബന്ധിച്ച് മാതൃഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ തന്നെ ജാനു വ്യക്തത വരുത്തുന്നുമുണ്ട്. എന്നിട്ടും മലയാളി അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് സത്യം. ഒന്‍പതുമാസം മുമ്പാണ് ജാനു കാറു വാങ്ങിക്കുന്നത്. എന്നാല്‍ അത് വിവാദമാകാന്‍ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത് മാത്രം മതിയായിരുന്നു. ഭൂസമരത്തിന്റെ ഭാഗമായി ഒന്നര ഏക്കര്‍ ഭൂമിയാണ് ജാനുവിന് സ്വന്തമായുള്ളത്. അതില്‍ തന്നെ വര്‍ഷങ്ങളായി കൃഷിയിറക്കാറുമുണ്ട്.

കഴിഞ്ഞ വര്‍ഷം കുരുമുളക് വിറ്റ വകയില്‍ കിട്ടിയ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചും ബാക്കി തുക ഭൂമിക്ക് നികുതി ശീട്ട് ലഭ്യമല്ലാത്തതിനാല്‍ കാര്‍ കമ്പനിയില്‍ നിന്നു തന്നെ കടം വാങ്ങിയുമാണ് ടൊയോട്ട എത്തിയോസ് എന്ന കാര്‍ സ്വന്തമാക്കുന്നത്. മുന്‍പ് ഉപയോഗിച്ചിരുന്ന വാഹനമാകട്ടെ ജീപ്പും. അന്നേ അവര്‍ക്ക് വാഹനമുണ്ട്. ഗോത്രമഹാസഭ ഉപയോഗിച്ചിരുന്നതും അതാണ്. ജാനുവിന് ഡ്രൈവിങ്ങ് അറിയുകയും ചെയ്യാം. അങ്ങനെ ഇപ്പോള്‍ ഒരു കാര്‍ എന്ന സ്വപ്നത്തെ ജാനു കീഴടക്കിയപ്പോള്‍ എന്തിന്റെ പേരിലാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പൊള്ളിയത് എന്നത് ഇരുത്തി ചിന്തിക്കേണ്ടതാണ്.

കോടികളാണ് വര്‍ഷം തോറും ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. എന്നിട്ടും എന്തേ ആദിവാസികള്‍ ഇന്നും ചോര്‍ന്നൊലിക്കുന്ന കൂരകളിലും, ഓലമേഞ്ഞ കുടിലുകളിലും സര്‍ക്കാര്‍ പണിതു കൊടുത്ത കക്കൂസുകളിലുമെല്ലാം അന്തിയുറങ്ങുന്നു. അതൊന്നും ചിന്തിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കാകില്ല കാരണം ആദിവാസി നന്നായാല്‍ ഫണ്ടിന്റെ വരവ് കുറയുമെന്ന് അവര്‍ക്കറിയാം. അതു കൊണ്ട് തന്നെ അവര്‍ക്ക് രക്ഷാ കര്‍ത്താവ് ചമയേണ്ട ചുമതലയും ഉണ്ട്.

ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരാളും സമൂഹത്തിലെ മുഖ്യധാരയിലേയ്ക്ക് കടന്നു വരുന്നത് സഹിക്കാനാകാത്ത വലിയ ഒരു സമൂഹമാണ് ഇപ്പോഴും ഇത്തരം വിവാദങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്. എന്തായാലും മാറുന്ന മലയാളി എന്ന് പലപ്പോഴും നാം ഉച്ഛത്തില്‍ പറയുമ്പോള്‍ എന്തുമാറ്റമാണ് മലയാളിക്കുണ്ടാകുന്നത് എന്ന് എല്ലാവരും ഒന്ന് ചിന്തിക്കുന്നത് കൊള്ളാം. ജന്മികുടിയാന്‍ കാലഘട്ടമൊക്കെ മാറിപ്പോയെന്ന് ഉള്‍ക്കൊള്ളാനും മലയാളി തയ്യാറാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ മലയാളികള്‍ ജാനുവിനോട് കാണിക്കുന്നതില്‍ പരം അല്‍പ്പത്തരമൊന്നും ഇനി ഉണ്ടെന്നും തോന്നുന്നില്ല.