ചൈനയില്‍ മണ്ണിടിച്ചിലില്‍ നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്‌

തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലില്‍ നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. നാല്‍പതിലധികം വീടുകളും മണ്ണിനടിയില്‍ പെട്ടുവെന്ന് പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പര്‍വത പ്രദേശത്തോടു ചേര്‍ന്നുള്ള ഒരു ഗ്രാമമാകെ മണ്ണുവന്നു മൂടിയെന്നും റിപ്പോര്‍ട്ടുണ്ട്.

വലിയ മലയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ പ്രദേശത്തെ പുഴയുടെ ഒഴുക്ക് രണ്ടു കിലോമീറ്ററോളം നീളത്തില്‍ തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനൊപ്പം വലിയ പാറകളും ഉരുണ്ടു വീണിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.