വിഷണു കസ്റ്റഡിയില്‍; നടിയെ ആക്രമിച്ച കേസിന്റെ പിന്നാമ്പുറത്തുള്ളവരെ അറിയാം

കൊച്ചിയില്‍ നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. നേരത്തെ കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവായിരുന്നു. പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും വിഷ്ണുവാണ്. സുനിയുടെ സുഹൃത്തും വരാപ്പുഴ കേസിലെ പ്രതിയുമായ മനീഷും കസ്റ്റഡിയിലുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരുകയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ വിഷ്ണു ജയിലില്‍ കഴിഞ്ഞത് പള്‍സര്‍ സുനിക്കൊപ്പമായിരുന്നു.കൊച്ചിയില്‍ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയാണ് വിഷ്ണു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വര്‍ണമാണ് വിവിധ ജ്വലറികളില്‍ നിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്.