കുരുമുളക് കൃഷിയും ജാനുവിന്റെ കാറും ; സോഷ്യല്‍ മീഡിയയുടെ പരിഹാസവും
ഒരു കാറ് വാങ്ങുന്നത് അത്ര വലിയ സംഭവമാണോ. നാട്ടില്‍ ഇപ്പോള്‍ കാറുകള്‍ ഇല്ലാത്തവര്‍ വിരളമാണ്. എന്നാല്‍ ആദിവാസി ഗോത്രസഭ നേതാവ് സികെ ജാനു ഒരു കാറ് വാങ്ങിയത് പലര്‍ക്കും അങ്ങോട്ട് ഇഷ്ടമായിട്ടില്ല. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ജാനുവിന്റെ കാറിനെ കളിയാക്കി പോസ്റ്ററുകള്‍ പരക്കുകയാണ്. ഒരു ആദിവാസി കാറ് വാങ്ങിയത് പലര്‍ക്കും ഇഷ്ടമായില്ല എന്നാണു ജാനുവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജാനുവിന്റെ കയ്യില്‍ ഇതിനുമാത്രം പണം എവിടന്നു വന്നു എന്നാണു മറ്റുള്ളവരുടെ ചോദ്യം. എന്നാല്‍ തോട്ടത്തില്‍ നിന്നു ലഭിച്ച ആറു ക്വിന്റല്‍ കുരുമുളക് വിറ്റുകിട്ടിയ പണംകൊണ്ടാണ് താന്‍ കാര്‍ വാങ്ങിയത് എന്ന് ജാനു പറയുന്നു.
800 രൂപ നിരക്കിലാണ് കുരുമുളക് വിറ്റത്. നാലുലക്ഷം രൂപ കിട്ടി. കൂടാതെ കാർ വാങ്ങാൻ ബാക്കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. കുരുമുളക് മാത്രമല്ല, പാട്ടത്തിനെടുത്ത സ്ഥലത്ത് നെല്ലും വാഴയും ഇഞ്ചിയുമെല്ലാം കൃഷി ഉണ്ട് ജാനുവിന്. കൃഷിയില്‍ നിന്നുളള വരുമാനംകൊണ്ടാണ് വീടുണ്ടാക്കിയതും. അല്ലാതെ വിദേശത്തു നിന്ന് വരുന്ന പണം കൊണ്ടല്ലെന്നും ജാനു വ്യക്തമാക്കുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് പുല്ലുവില മാത്രമാണ് താന്‍ കല്‍പ്പിക്കുന്നതെന്നും ജാനു പറഞ്ഞു. കാര്‍ വാങ്ങിയത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സികെ ജാനു. വിദേശപണം കൈപ്പറ്റിയാണ് താന്‍ ജീവിക്കുന്നതെന്നാണ് ആരോപണങ്ങള്‍ എന്നും കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് തനിക്കറിയില്ല. കര്‍ഷകയാണെങ്കിലും തനിക്ക് അത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സി കെ ജാനുവുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കാറിന്റെ വാർത്ത വിവാദമായത്. കാറോടിക്കുന്ന ജാനുവിന്റെ ചിത്രം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നിരുന്നു. ഇതോടെയാണ് ഒരു ആദിവാസി നേതാവ് കാറോടിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത്. വര്‍ഷം ആറും ഏഴും ലക്ഷം രൂപയ്ക്ക് കുരുമുളക് വില്‍ക്കുന്ന ആളാണ് സി കെ ജാനു എന്നാണ് കാർ വിവാദത്തിന് പിന്നാലെ പ്രചരിക്കുന്ന കാര്യം. കുരുമുളക് കൃഷിയിലൂടെ ലക്ഷങ്ങൾ കിട്ടിയ കാര്യം സി കെ ജാനു തന്നെ പറയുന്നുമുണ്ട്. ഇത്തരം കണക്കുകള്‍ പുറത്തു വരുമ്പോള്‍ തന്നെ അതിന്‍റെ കൂടെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയം അന്ന് നൽകിയ സ്വത്ത് വിവരങ്ങളുടെ കണക്കിൽ തന്‍റെ വരുമാനക്കാര്യം ജാനു പറഞ്ഞിട്ടുണ്ടോ എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. എന്‍ ഡി എയുമായി അടുത്തതിനു ശേഷമാണ് ജാനുവിന്റെ സാമ്പത്തിക സ്ഥിതി മെച്ചമായത് എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.