നൗഫലിന്റെ ജലച്ചായ ചിത്രങ്ങള്‍ ഇനി ഫൈറ്റ് ഫോര്‍ ലൈഫ് ഫൗണ്ടേഷന്: ജീവന് തുളുമ്പുന്ന ചിത്രങ്ങള്‍ അനേകര്‍ക്ക് ജീവിതമേകും
കോഴിക്കോട്: ഖത്തര്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ ചിത്രകലാധ്യാപകന്‍ കെ.വി നൗഫല്‍ കോറിയിട്ട ജീവനും ജീവിതവും തുളുമ്പുന്ന ജലഛായ ചിത്രങ്ങള്‍ കോഴിക്കോട്ടെ ഫൈറ്റ് ഫോര്‍ ലൈഫ് ഫൗണ്ടേഷന് ലഭിക്കും. ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ നൗഫല്‍ ഇതുവരെ വരച്ച ചിത്രങ്ങളെല്ലാം സമ്മാനിയ്ക്കും.
നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള അതുല്യ കലാകാരനാണ് നൗഫല്‍. അദ്ദേഹം വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ വിറ്റ് കിട്ടുന്ന തുക ജീവിതത്തിന്റെ പുറംപോക്കിലകപ്പെട്ടു കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുമെന്നു ഫൈറ്റ് ഫോര്‍ ലൈഫ് സാരഥി അഡ്വ. ശ്രീജിത്ത് കുമാര്‍ പറഞ്ഞു.
ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഖത്തറില്‍ നടന്ന ചിത്രപ്രദര്‍ശനത്തിന് ശേഷം മലപ്പുറത്തും, കോഴിക്കോടും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. മലപ്പുറം, കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ ജൂലായ് 6, 7, 8, 9 തിയതികളില്‍ ചിത്രപ്രദര്‍ശനവും വില്‍പ്പനയും നടക്കും.
നൗഫലിന്റെ ചിത്രങ്ങളില്‍ സാധാരണക്കാരന്റെ സ്നേഹവും നൊമ്പരവും കാണാനാവും, പ്രവാസിയുടെ നോവും പ്രതീക്ഷയും അനുഭവിക്കാനാകും. പച്ചയോടും മണലാരണ്യത്തിന്റെ നരച്ചനിറങ്ങളോടും ഉള്ള പ്രണയം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണാനാവും. അതേസമയം മലമുകളിലെ കുരിശുപള്ളിയും വാരാണസിയിലെ സ്നാനഘട്ടവും പോലെ മനോഹര രചനകള്‍ വേറെയുമുണ്ട് അദ്ദേഹത്തിന്റെ ശേഖരത്തില്‍.
ഇതിനുമുമ്പ് എവിടെയും പ്രദര്ശിപ്പിച്ചവയല്ല ഈ ചിത്രങ്ങള്‍. ഒരിക്കല്‍ വിറ്റുപോയാല്‍ അവയൊന്നും പിന്നീട് പിന്നീട് ആസ്വാദകരുടെ അടുത്തെത്തില്ല എന്നതിനാല്‍ കോഴിക്കോട്ടെ പ്രദര്‍ശന വില്പനയ്ക്കു മുന്നോടിയായി മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയിലും ഖത്തര്‍, ദുബായ്, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു ഫൈറ്റ് ഫോര്‍ ലൈഫ്.ഏതാനും ചിത്രങ്ങള്‍ ചുവടെ: