ശബരിമല സ്വര്‍ണ്ണകൊടിമരം നശിപ്പിച്ച സംഭവം അഞ്ചുപേര്‍ പിടിയില്‍
ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസ ദ്രാവകം ഒഴിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ പോലീസ് പിടിയിലായി. . ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് പമ്പ കെ എസ് ആർടി സി ബസ് സ്റ്റാന്റിൽ നിന്ന് പിടിയിലായത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. 60നും 65നും മധ്യേ പ്രായമുള്ള ഒരാള്‍ കുപ്പി തുറന്ന് എന്തോ ഒരു ദ്രാവകം സ്പ്രേ ചെയ്യുന്നത് സിസിടി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ശേഖരിച്ച് നടന്ന പരിശോധനയിലാണ് അഞ്ചു പേര്‍ പിടിയിലായത്. ഇന്ന് ഉച്ചക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരം കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേവസ്വം അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9.161 കിലോ ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. ഹൈദരാബാദിലെ ഫീനിക്‌സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനുള്ള പണം വഴിപാടായി നല്‍കിയത്.