ശബരിമലയിലെ കൊടിമരം കേടുവരുത്തി: പ്രതിഷ്ഠയ്ക്കു ശേഷം സ്വര്‍ണ്ണം ദ്രവിച്ച നിലയില്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, പോലീസ് കേസെടുത്തു

ശബരിമല ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തിലെ സ്വര്‍ണം ദ്രവിച്ചനിലയില്‍. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുപാടുവരുത്തിയ നിലയിലല്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാറിയശേഷമാണ് സംഭവം ഉണ്ടായത് എന്നാണ് വിവരം. മനപൂര്‍വ്വം ആരോ മെര്‍ക്കുറി ഒഴിച്ചതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

സന്നിധാനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡി.ജി.പി. അറിയിച്ചതായി പ്രയാര്‍ഗോപാലകൃഷ്ണന്‍ അറിയിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

ഇന്നുച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആണ് കൊടിമരം പ്രതിഷ്ഠിച്ചത്. ആകെ 3.20 കോടി രൂപയാണു ചെലവ്. 9.161 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്.