ട്രാവല്‍സ് ഉടമ മുങ്ങി ; ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടകര്‍ മക്കയില്‍ പെരുവഴിയില്‍
മക്ക : മലയാളി തീര്‍ഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി. ഇതോടെ ഉംറ നിര്‍വഹിക്കാനെത്തിയ 38 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ 38 തീര്‍ഥാടകരാണ് മക്കയില്‍ പെരുവഴിയിലായത്. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ച് ഉംറക്കെത്തിച്ച ഇവരില്‍ 15 പേര്‍ ഈ മാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. ട്രാവല്‍സ് ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സ്ത്രീകളും വൃദ്ധരും ഉള്‍പ്പെട്ട സംഘം പെരുവഴിയിലായി.
ട്രാവല്‍സ് ഉടമ മുനീര്‍തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥായാണ് നിലവിലുള്ളത് എന്ന് തീര്‍ഥാടകര്‍ പറഞ്ഞു. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ വലിയ സംഖ്യ നല്‍കാനുണ്ട്. അതിനാല്‍ തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. താമസിക്കുന്ന ഹോട്ടലും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനവും പണം കിട്ടാത്തതിനാല്‍ പുറത്താക്കുമെന്ന് പറഞ്ഞതോടെ ഇവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിരിക്കുകയാണ്. താമസിന്റെയും ഭക്ഷണത്തിന്റെയും ബില്ല് നല്‍കാതെ പാസ്‌പോര്‍ട്ട് വിട്ടുതരില്ലെന്നാണ് ഹോട്ടലുടമ പറയുന്നത്. എന്നാല്‍ ഇവരുടെ ദുരവസ്ഥ മനസ്സിലായതോടെ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. പെരുന്നാളായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതിനാല്‍ സ്വന്തമായി ടിക്കറ്റെടുത്ത് മടങ്ങാനും ഇവര്‍ക്ക് കഴിയില്ല. റമസാന്‍ സീസണായതിനാല്‍ 60,000 മുതല്‍ 90,000 വരെ പണം ഈടാക്കിയാണ് ട്രാവല്‍സ് ഉടമ ഇവരെ മക്കയിലെത്തിച്ചത്. ജൂലൈ രണ്ടു വരെയാണ് വിസ കാലാവധി. ഭക്ഷണവും താമസവും ഇല്ലാതെ പെരുന്നാള്‍ ദിനത്തില്‍ അലയേണ്ടിവരുന്ന സ്ഥിതിയിലാണ് ഇവരിപ്പോള്‍.