ഇനി ലോക്കറില്‍ വെച്ചാല്‍ ലോക്കാകും; നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ല
ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍, ബാങ്കുകള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമുണ്ടായിരിക്കില്ലെന്ന് റിസര്‍വ് ബാങ്ക്. കുഷ് കാല്‍റ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ ഉത്തരത്തിലാണ് റിസര്‍വ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഈ നിലപാട് സ്വീകരിച്ചത്.
ലോക്കര്‍ സേവനത്തിന്റെ കാര്യത്തില്‍ തീര്‍ത്തും അനാരോഗ്യകരമായ നിലപാടാണ് ബാങ്കുകളുടേതെന്ന് അദ്ദേഹം തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വമേല്ക്കാന് ബാങ്കുകള്‍ തയാറല്ലെങ്കില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്തശേഷം വീട്ടില്‍തന്നെ സൂക്ഷിക്കുന്നതല്ലേ നല്ലത് എന്നും കൂഷ് കാല്‍റ പരാതിയില്‍ ചോദിക്കുന്നു.
എന്നാല്‍ ജനങ്ങള്‍ പണം മുടക്കി സാധനങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ നല്കുമ്പോള് ബാങ്കുകളുടെ നിലപാട് ഉപഭോക്തക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കുകളുടെ ഈ നിലപാടിനെതിരെ അഭിഭാഷകന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിനു പുറമെ, പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമേല്‍ക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.