ബിജെപി നേതാക്കളുടെ കള്ള നോട്ടടി കേസ് ക്രൈംബ്രാഞ്ചിന്; സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു സംശയം

തൃശൂര്‍ മതിലകത്തെ കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം. സംഭവത്തില്‍ ഉന്നതര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും നടക്കും.

നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. കേസിലെ രണ്ടാം പ്രതി രാജീവ് ഇന്നലെ പോലീസ് പിടിയിലായിരുന്നു. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ബി.ജെ.പി. കയ്പമംഗല നിയോജക മണ്ഡലം ഒ.ബി.സി. മോര്‍ച്ച സെക്രട്ടറിയാണ് രാജീവ്.

കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്. മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പോലീസ് പിടിച്ചെടുത്തിരുന്നു.