ടൂറിസം വികസനം ലക്ഷ്യവുമായി ഖത്തര്‍; ഇ-വിസ സംവിധാനം നിലവില്‍ വന്നു

ഖത്തറിലെ ടൂറിസം മേഖലയുടെ വികസനത്തിന് വഴിയൊരുക്കി ഇ വിസ സംവിധാനം രാജ്യത്തെത്തി. ഖത്തര്‍ ടൂറിസം അഥോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഖത്തര്‍ എയര്‍വേസിന്റെയും സഹകരണത്തോടെയാണ് പുതിയ ഇ വിസ സംവിധാനത്തിന് തുടക്കമിട്ടത്.

രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് പുതിയതായി നടപ്പാക്കുന്നത്. നേരത്തെ ഖത്തറിലെ ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ അംഗീകൃതസ്ഥാപനങ്ങളും ഏജന്‍സികളും വഴി മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

42 ഡോളറാണ് ടൂറിസ്റ്റ് വിസയുടെ നിരക്ക്. വിസ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് വഴി ഓണ്‍ലൈനില്‍തന്നെ ഫീസടയ്ക്കുകയും ചെയ്യാം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, വിമാനടിക്കറ്റ്, ഹോട്ടലിലെത്തുമ്പോള്‍ താമസിക്കുന്ന വിലാസം എന്നിവയെല്ലാം തന്നെ അപേക്ഷയോടൊപ്പം കൊടുക്കണം. അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിനുള്ളില്‍ത്തന്നെ മറുപടി ലഭിക്കും. യാത്രക്കാരന്റെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ ഇമെയില്‍ വിലാസത്തില്‍ ഇ വിസ ലഭിക്കുന്നതാണ്.