ശബരിമലയിലെ കൊടിമരം പൂര്‍വ്വസ്ഥിതിയിലാക്കി: മൊഴിമാറ്റാതെ പിടിക്കപ്പെട്ടവര്‍

ശബരിമലയിലെ പുതിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്ത്.അതേ സമയം പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ആചാരപരമായി മാത്രമാണ് തങ്ങള്‍ ദ്രാവകം കൊടിമരച്ചുവട്ടില്‍ ഒഴിച്ചതെന്നാണ് ഇവരുടെ മൊഴി.

പുതിയ സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പോലീസ് പിടികൂടിയ വിജയവാഡ സ്വദേശികള്‍ പറഞ്ഞിരുന്നു. നവധാന്യങ്ങളും ഇതോടൊപ്പം കൊടിമരത്തില്‍ അര്‍പ്പിച്ചതായും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇതു ചെയ്തതെന്നും ഇവര്‍ മൊഴി നല്‍കി. എന്നാല്‍ പോലീസ് ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായവരുടെ വിശദവിവരങ്ങള്‍ക്കായി ആന്ധ്രാപോലീസുമായി ബന്ധപ്പെടുമെന്നും കേരള പോലീസ് അറിയിച്ചു.

പമ്പയിലെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയ ആന്ധ്രാസ്വദേശികളായ ഇവരെ പമ്പയിലെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും മൂന്നുപേര്‍ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ വ്യക്തമാകുന്നുണ്ട്. സന്നിധാനത്തെ തത്വമസി എന്നെഴുതിയ ഇടത്തെ ക്യാമറയിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ല.

പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഘത്തില്‍ നിന്നും ഈ ദ്രാവകവും കണ്ടെടുത്തു. പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതും അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്നാണ് അറിയുന്നത്.

1957-58 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്‌നത്തില്‍ കേടുപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തടിയില്‍ കൊടിമരം നിര്‍മ്മിച്ച് സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്. 15 സ്വര്‍ണപറകളാണ് കൊടിമരത്തിനുളളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വര്‍ണക്കൊടിമരത്തിനായി ചെലവായത്.