അഭിഭാഷക സംഗീത ലക്ഷ്മണയുടെ വാക്കുകള്‍ വഴിത്തിരിവാകുന്നു: പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പോലീസ് വലിച്ചിഴച്ചതില്‍ അമര്‍ഷം കൊണ്ട ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അഭിഭാഷക സംഗീത ലക്ഷ്മണ. കോടതിയില്‍ ഹാജാരാകാന്‍ എത്തിയ സുനി വാ തുറക്കുന്നതിന് മുന്‍പേ അവിടെ നിന്നും നാടകിയമായി അറസ്റ്റ് ചെയ്തത് ആരെ രക്ഷിക്കാനാണു എന്ന ചോദ്യം ഉന്നയിച്ച ആദ്യ വ്യക്തിയാകാം അഡ്വ. സംഗീത ലക്ഷ്മണ.
അവര്‍ അന്നുന്നയിച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത കേരളാ പൊലീസിന് അഭിമാനിക്കാം എന്ന് പറയുന്നവര്‍, അങ്ങനെ ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും, പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങിയിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതല്ലേ എന്‍ ചോദിച്ചു വിശദികരിക്കുന്ന പോസ്റ്റ് ഏറെ ചര്‍ച്ചയായാണ് ഈ സാഹചര്യത്തില്‍.
സംഗീത ലക്ഷ്മണയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത കേരളാ പോലീസിന് അഭിമാനിക്കാം എന്ന് പറയുന്നവര്‍, അങ്ങനെ ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക….
പള്‍സര്‍ സുനി ഇന്നത്തെ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി നമ്മള് മനസ്സിലാക്കേണ്ടതല്ലേ? കീഴടങ്ങാനുള്ള അയാളുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നുവെങ്കില്‍ എന്താവും സംഭവിക്കുക എന്നത് അറിയുക;
എറണാകുളം കോടതി പ്രതിയുടെ കീഴടങ്ങല്‍ രേഖപ്പെടുത്തി പ്രതിയെ വിട്ടയക്കുകയല്ല ചെയ്യുക. വിട്ടയക്കില്ല എന്നത് നൂറുവട്ടം. പകരം പ്രതി നല്കിയ അപേക്ഷയിന്മേല് കോടതി പ്രോസിക്യൂട്ടറുടെ ( ഈ കേസില്‍ പോലീസിന്റെ അഭിഭാഷകന്റെ ) വാദം കേള്‍ക്കും. ആ നേരം പോലീസിന് പറയാനുള്ളത് പ്രോസിക്യൂട്ടര്‍ മുഖേന കോടതിയെ അറിയിക്കാവുന്നതാണ്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുള്ള പോലീസ് ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരുണ്ടെങ്കില്‍ അദ്ദേഹത്തെ നേരിട്ട് കേള്‍ക്കാനും കോടതി തയ്യാറാവുക തന്നെ ചെയ്യും. ഒപ്പം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതി അത് രേഖപ്പെടുത്തുകയും ചെയ്യും. ഇനി പ്രതിക്ക് എന്തെങ്കിലും രേഖാമൂലം സമര്‍പ്പിക്കാനുണ്ടെങ്കില്‍ അത് നല്കിയാല്, വാങ്ങി കോടതി endorsement ചെയ്ത ഒപ്പും സീലും വെച്ച ശേഷം അത് ഫയലില്‍ വെക്കുകയും ചെയ്യും. ഇത് കഴിഞ്ഞ് എറണാകുളം കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കേസുമായി ബന്ധപ്പെട്ടല്ല ഈ പ്രതിയെ പൊലീസിന് ആവശ്യം എന്നു മനസ്സിലാക്കുന്ന കോടതി, പ്രതിയെ റിമാന്‍ഡ് ചെയ്ത് ഉടനെ തന്നെ സബ് ജയിലിലേക്ക് അയക്കും. യുവനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത പ്രവര്‍ത്തി ദിവസം പ്രതിയുടെ കസ്റ്റഡിക്ക് വേണ്ടി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാവുന്നതാണ്. സബ് ജയിലില്‍ വെച്ച് പ്രതിയെ സന്ദര്‍ശിക്കുന്നവരുടെ പേരു വിവരങ്ങള്‍ ജയിലിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും സന്ദര്‍ശകര്‍ അവിടെ കൊടുക്കുന്ന അപേക്ഷ സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പടെ ജയിലിലെ അതിനായുള്ള ഫയലില്‍ ഉണ്ടാവുകയും ചെയ്യും. കോടതിയുടെ മുന്നില്‍ ഹാജരാകാന്‍ തയ്യാറായി എത്തിയ ഒരു പ്രതിയാണ് അയാള്‍. അങ്ങനെയെങ്കില്‍, കോടതിയുടെ മുന്നില്‍ കീഴടങ്ങുക എന്നാല്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങുക എന്നാണ് അര്‍ത്ഥം. For all practical and legal purposes, ആ പ്രതി പിന്നെ കോടതിയുടെ ഉത്തരവാദിത്വമാണ്, ചുമതലയാണ്, ബാധ്യതയാണ്. ഇതാണ് യാഥാര്‍ഥ്യം.
എന്നാല്‍ അതിന് വിരുദ്ധമായി, ഇന്നത്തെ ദിവസം ആ കോടതി മുറിയിലും കോടതി പരിസരത്തും കേരള പോലീസ് കാട്ടിക്കൂട്ടിയത് ആരെയോ സഹായിക്കാനുള്ള കുതന്ത്രം തന്നെയാണ്. ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനുള്ളില്‍ യുവനടിയുടെ കേസ് രജിസ്റ്റര്‍ ചെയ്ത ഫയല്‍ നിലനില്‍ക്കുന്ന ആലുവ കോടതിയുടെ മുന്നില്‍ ഹാജരാക്കിയാല്‍ മതിയാവും. ഈ പ്രതി ഉള്‍പ്പെട്ടത് പോലുള്ള ഒരു കേസില്‍ ഈ പറഞ്ഞ 24 മണിക്കൂറിനുള്ളില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? അറിയുക;. ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലെ കരിക്ക് മസ്സാജോ ഇനി അതല്ല കക്കയം ക്യാമ്പിലെ പോലെ ഉരുട്ടലോ, അണ്ടര്വെയറില് നിര്‍ത്തി ramp-walk നുള്ള അവസരമോ നല്കി ആദരിക്കാം.
അതല്ല എങ്കില്‍, സംഭവുമായി ബന്ധപ്പെട്ട് യുവനടി പരാതിയുമായി മുന്നോട്ട് വരുമെന്നോ സംഭവം ഇത്രമേല്‍ കോലാഹലം ഉണ്ടാക്കുമെന്നോ ഒന്നും പ്രതി മുന്‍കൂട്ടി കണ്ടിരുന്നില്ല എന്ന് തന്നെയാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ ഈ പറഞ്ഞ പ്രതിക്ക് പോലീസിന്റെ കസ്റ്റഡിയില്‍ എത്തുന്നതിനു മുന്‍പ് കോടതിയോട് നേരിട്ട് എന്തെങ്കിലും പറയാനുണ്ടായിരുന്നോ? പള്‍സര്‍ സുനിയുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കണമെങ്കില്‍ പള്‍സര്‍ സുനി ഇതില്‍ എന്ത് പറയുന്നു എന്നത് കോടതി രേഖപ്പെടുത്തുന്നത് തടസ്സപെടുത്താനായിക്കൂടെ പോലീസ് അവനെ അതിനു മുന്‍പ് തന്നെ വലിച്ചെഴച്ച് ഉരുട്ടിമറിച്ച് ഉന്തി തള്ളി ജീപ്പില്‍ കയറ്റി കൊണ്ടുപോയത്?
അറിയുക; ഈ 24 മണിക്കൂറിനുള്ളില്‍ പോലീസിന് പ്രതിയെ എവിടെ വേണമെങ്കിലും കൊണ്ട് പോകാം, പ്രതിയെ സന്ദര്‍ശിക്കാന്‍ ആര്‍ക്ക് വേണമെങ്കിലും പോലീസിന് അവസരമൊരുക്കാം. പോലീസ് ടീമിലുള്ള ആരുടെയെങ്കിലും ഫോണ്‍ മുഖേന പ്രതിക്ക് ആരെ വേണമെങ്കിലും ബന്ധപ്പെടാം, ആര്‍ക്കു വേണമെങ്കിലും എന്നു വെച്ചാല്‍ പ്രതിയോട് താല്പര്യമുള്ളവര്ക്കും ഇതു പോലെ പ്രതിയെ ബന്ധപ്പെടാം. പ്രതിക്ക് പാലും പഴവും നല്കി പുന്നാരിക്കാം, അല്ലെങ്കില്‍ പ്രതിക്ക് തന്റെ രണ്ട് തലമുറയ്ക്ക് കഴിയാനുള്ള വക നല്‍കും എന്നും മറ്റും വില പേശാന്‍ പോലീസിന് ‘തല്പരകക്ഷികള്ക്ക്’ അവസരമൊരുക്കാം. എല്ലാം കഴിഞ്ഞ്, 24 മണിക്കൂര്‍ അവസാനിക്കും മുന്‍പ്, പുറമെ നിന്നുള്ള ഇടപെടലുകള്‍ക്കൊക്കെ ഒടുവില്‍, പോലീസിനാവശ്യമുള്ള രീതിയിലേക്ക് ഈ പറഞ്ഞ പ്രതിയുടെ ഭാഗം വെട്ടി ചുരുക്കുകയോ കൂട്ടി ചേര്‍ക്കുകയോ ചെയ്യാം.( കേസിന്റെ ആരംഭഘട്ടത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് എന്റെ previous update-ല്‍ എഴുതിയത് കൂടി വായിക്കുക, പ്ലീസ്.)
ഇനി ഈ 24 മണിക്കൂറിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് പ്രതി മരണപ്പെട്ടാലോ? അത് സ്വാഭാവിക മരണമോ, കസ്റ്റഡി മരണമോ, ആത്മഹത്യയോ എന്തുമാവാം. എന്നാല്‍ അതിനുള്ള അതിസാമര്‍ത്ഥ്യം ഇപ്പോഴുള്ള പോലീസുകാര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അതല്ല ഇനി ഉണ്ടെങ്കില്‍, ഇന്നത്തെ ദിവസം എറണാകുളം കോടതിയില്‍ നിന്ന് ജീപ്പില്‍ പ്രതിയോടൊപ്പം കയറിയ പോലീസുകാരുടെ ഭാര്യമാരും മക്കളും നാളുകള്‍ക്ക് ശേഷം, പ്രവര്‍ത്തി ദിവസങ്ങളില്‍ ഒന്നിടവിട്ട് ഏതെങ്കിലും സെന്‍ട്രല്‍ ജയിലിന്റെ സന്ദര്‍ശനമുറിയിലും വരാന്തയിലുമൊക്കെ ഗതികിട്ടാതെ അലഞ്ഞു തിരിയുന്നത് കാണാം. രണ്ടര കൊല്ലം ഞാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പ് കയറി ഇറങ്ങിയ പോലെ… ബാക്കി ലോകം പഴയതു പോലെയും.
ഒരു കാര്യം ഉറപ്പിച്ച് പറയാം. യുവനടിയെ ആക്രമിച്ച കശ്മലന്മാരെ അറസ്റ്റ് ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അന്വേഷണം ഉടനെ പൂര്‍ത്തിയാക്കി കോടതിവിചാരണ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ഇതാണ് അന്വേഷണരീതി എങ്കില്‍, മഞ്ചു വാര്യര്‍ പറഞ്ഞ ക്രിമിനല്‍ ഗൂഢാലോചന- പള്‍സര്‍ സുനിയില്‍ തുടങ്ങി പള്‍സര്‍ സുനിയില്‍ തന്നെ അവസാനിക്കുന്ന ഗൂഡാലോചന എന്നതായിരുന്നു മഞ്ചു ഉദ്ദേശിച്ചത് എങ്കില്‍ ഓക്കേ. എല്ലാം ഒക്കെ അതല്ല അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍, ഗൂഢാലോചന കാര്യം പോക്കാണ്. അത് മഞ്ചു വാര്യര്‍ തന്നെ സ്വമേധയാ മറന്നു കളയുന്നതാണ് ഏറ്റവും എളുപ്പം. സ്വപ്നം കണ്ടതാണ് എന്നോ മറ്റോ കരുതി അങ്ങു മറന്നു കളഞ്ഞേക്കൂ, മഞ്ചു..!
മറ്റൊന്ന് കൂടി പറയാം. നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാനായി നിയമം അനുവദിക്കുന്ന രീതിയില്‍ തന്നെ, ഒരു കേസിലെ പ്രതിക്ക് ഞാന്‍ എന്ന അഭിഭാഷക നല്കിയ ഉപദേശം അനുസരിച്ച് അവന് കോടതിയില്‍ എത്തുകയും കോടതി മുറിയില്‍ പ്രവേശിക്കുകയും ചെയ്ത ശേഷം, ഞാന്‍ ഹാജരാവുന്ന ഒരു കേസിലെ എന്റെ കക്ഷി കൂടിയായ പ്രതിയോടാണ് കേരളാ പോലീസ് ഇന്ന് എറണാകുളം കോടതിയില്‍ ചെയ്ത പോലുള്ള പണി ചെയ്തത് എങ്കില്‍, കേരളാ പോലീസ് പിന്നെ മൂക്ക് കൊണ്ട് ക്ഷയും ണ്ണയും ഒന്നുമാവില്ല സംഗീതാ ലക്ഷ്മണ എന്ന് മുഴുവന്‍ എഴുതി പഠിക്കും. അതിനാവും പിന്നെ എന്റെ ശിഷ്ഠജന്മം ഉറപ്പ്. അതല്ലാത്തത് കൊണ്ട്; തല്കാലം, കേരളാ പോലീസ് എന്തോ മഹത്തായ കാര്യം ചെയ്തു എന്ന് മുഖ്യമന്ത്രി പറയട്ടെ. സ്ത്രീ സുരക്ഷാ ചേച്ചിമാര് രോമാഞ്ചം കൊള്ളട്ടെ. യുവനടിയുടെ ബന്ധുക്കളും, സുഹൃത്തുക്കളും, ആരാധകരും, സഹപ്രവര്‍ത്തകരും ആശ്വാസം കൊള്ളട്ടെ. എനിക്ക് ആശ്വാസം തീരെ ഇല്ല. God’s own country, maybe only God can help-
പോലീസും പോലീസ് കേസുകളും കോടതിയുമൊക്കെ കുറെയേറെ, ഒരുപാട് ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയുമാണ്. നിയമം കുറെ പഠിക്കുകയും ദിവസേനയെന്ന തോതില്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളുമാണ് ഞാന്‍. ആ അനുഭവത്തിന്റെ, ആ അറിവിന്റെ വെളിച്ചത്തിലാണ് ഇതൊക്കെ പറഞ്ഞു വെച്ചത്.
PS: കോടതിയുടെ മുന്നില്‍ ഹാജരാകാന്‍ എത്തിയ ഒരു പ്രതിയെ കോടതി മുറിയ്ക്കകത്ത് നിന്ന് ഇന്ന് നടന്ന രീതിയിലുള്ള ഒരു കായിക മത്സരം നടത്തി കീഴടക്കി കൊണ്ടുപോയ കേരളാ പോലീസിന്റെ ചെയ്തികള്‍, എറണാകുളം ജില്ലാകോടതി ബാര്‍ അസോസിയേഷനും ഒപ്പം മറ്റു ജില്ലാ കോടതികളിലെ ബാര്‍ അസോസിയേഷനുകളും ആര്‍ജ്ജവത്തോടെ, അര്‍ഹിക്കുന്ന ഗൗരവത്തോടെ take up ചെയ്യുമെന്നും നിയമപരമായി ഈ പ്രശ്നത്തിന് ഒരു authoritative judicial pronouncement പുറപ്പെടുവിച്ചു കിട്ടാന്‍ വേണ്ടുന്നത് ചെയ്യും എന്ന പ്രത്യാശയോടെയാണ് ഈ കുറിപ്പ്. ഉപരോധവും ബോയ്ക്കോട്ടും അല്ല. നമ്മള് അഭിഭാഷകരല്ലേ? Intellect ഉപയോഗിച്ചു പരിഹാരം കണ്ടെത്തണം നമ്മള്. പ്രതികാരം അങ്ങനെയാവണം. 🙂 We should. (y)