ഉദ്യോഗസ്ഥരേ.. നിങ്ങള്‍ നിരീക്ഷണത്തിലാണ്; കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ്‌

ജനങ്ങളെ വലക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി പിടി വീഴും. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു. ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപഴകുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്‌പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

വില്ലേജ് ഓഫീസുകളിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്നതെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടവര്‍, അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണം നേരിടുന്നവര്‍, നിരന്തരമായി പരാതിക്കിടവരുത്തുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പട്ടികയാണ് തയ്യാറാക്കുക.

ഇവരെ വിജിലന്‍സ് നിരന്തരം നിരീക്ഷിക്കും. 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലന്‍സ് തയ്യാറാക്കുന്നത്. വിജിലന്‍സ് ഇന്റലിജന്‍സ് യൂണിറ്റ് ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ജേക്കബ് തോമസ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ തുടങ്ങിവെച്ച നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നീക്കമിപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ചെമ്പനോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്ലേജ് ഓഫീസുകളിലെ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.