താമരയോടുള്ള മമത പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ച് കെഎം മാണി ബിജെപി വേദിയില്‍

ബി.ജെ.പി. വേദിയില്‍ കുമ്മനത്തിനൊപ്പം കെ.എം. മാണി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്തയെ ആദരിക്കുന്നതിന് ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കുമ്മനം രാജശേഖരന്‍ അടക്കമുളള ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം കെ.എം. മാണി വേദി പങ്കിട്ടത്. ചടങ്ങില്‍ താമരപ്പൂവിനെ എടുത്തു പറഞ്ഞുളള കെ.എം. മാണിയുടെ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു.

താമരപ്പൂക്കള്‍കൊണ്ടുളള ബൊക്കെ സമ്മാനമായി ലഭിച്ചത് പരാമര്‍ശിച്ചായിരുന്നു മാണിയുടെ പ്രസംഗം. താമരപ്പൂവിന് റോസാപ്പൂവിനെക്കാള്‍ ഗാംഭീര്യമുണ്ടെന്നായിരുന്നു മാണി പറഞ്ഞത്. പല ചടങ്ങുകള്‍ക്കും ഇതുവരെ റോസാപ്പൂക്കളാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ താമരപ്പൂ ലഭിക്കുന്നത് പ്രത്യേകതയായിട്ടാണ് കാണുന്നത്. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്നവരുണ്ട്. എന്നാല്‍ വായില്‍ സ്വര്‍ണനാക്കുമായി പിറന്നയാളാണ് മാര്‍ ക്രിസോസ്റ്റമെന്നും അദ്ദേഹം പറഞ്ഞു.