ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം; ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ലെന്ന് ഇന്നസെന്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ താര സംഘടനയായ അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്, എന്താണെന്ന്… ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുളളുവെന്നും അദ്ദേഹം ചോദിച്ചു.

കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണം. ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ല. ഇവിടെ ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവും അതില്‍ ഇല്ല. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട് പറയും. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയന്‍ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് ഇന്നസെന്റിന്റെ പ്രതികരണം.