ലോക്‌നാഥ് ബെഹ്‌റ പോലീസ് മോധാവിയാകും; സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും, നിര്‍ത്തിയിടത്തു നിന്ന് തുങ്ങുമെന്നും ബെഹ്‌റ
സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും ചുമതലയേല്‍ക്കും. നിലവിലെ പോലീസ് മേധാവി സെന്‍കുമാര്‍ വിരമിക്കുന്നതോടെയാണ് ബെഹ്‌റ വീണ്ടും പോലീസ് തലപ്പത്തേക്ക് എത്തുന്നത്. തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് സെലക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ബെഹ്‌റയെ വീണ്ടും പോലീസ് മേധാവിയാക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
പോലീസ് മേധാവിയെ ശുപാര്‍ശ ചെയ്യാന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ പേരാണ് ശുപാര്‍ശ ചെയ്തതും. ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡി.ജി.പി. നിയമനസമിതിയുടെ പരിഗണനയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സെലക്ഷന്‍ കമ്മിറ്റി.
എന്നാല്‍ പോലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും അങ്ങനെ തീരുമാനിച്ചെങ്കില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അന്നുതന്നെ ബെഹ്‌റ ചുമതലയേല്‍ക്കും.സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അവധിയില്‍ പോയ ജേക്കബ് തോമസ് ആകട്ടെ ഐഎംജി ഡയറക്ടര്‍ ജനറലായിട്ടാണ് പിന്നീട് ചുമതലയേറ്റതും.