പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു ദിലീപ് പുറത്തേയ്ക്ക്: ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കുമെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് ഇപ്പോള്‍ തന്റെ ആവശ്യമെന്ന് നടന്‍ ദിലീപ് മാധ്യമങ്ങളോട്. പതിമൂന്നു മണിക്കൂറിനടുത്തുനീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങി മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേമസയം, അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു. ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കമെന്ന് പോലീസ് ദിലീപിനോടും നാദിര്‍ഷായോടും വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയിരുന്നു.

ആലുവ പൊലീസ് ക്ലബില്‍ ബുധനാഴ്ച ഉച്ച 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി വര നീണ്ടു. രാത്രി 1.10നാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യന്തം നാടകീയമായാണ് കാര്യങ്ങള്‍ നടന്നത്.

തനിക്ക് പറയാനുള്ളതെല്ലാം പൊലീസിനോട് തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പ്രതികരിച്ചു. ‘വളരെയധികം ആത്മവിശ്വാസമുണ്ട്. ചോദ്യം ചെയ്യലല്ല മൊഴിയെടുക്കലാണ് നടന്നത്. ഇവയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല’ അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ നല്‍കിയ പരാതിയെക്കുറിച്ചാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. എല്ലാം വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സത്യം പുറത്ത് വരണമെന്ന് മറ്റാരക്കാളും കൂടുതല്‍ ആഗ്രഹിക്കുന്നത് താനാണ്. പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇനിയും വേണ്ടിവന്നാല്‍ സഹകരിക്കുമെന്നും ദിലീപ് പറഞ്ഞു