നെസ്ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്‌നാട് മന്ത്രി കെടി രാജേന്ദ്ര ബാലാജി

നെസ്ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്‌നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഒരാഴ്ച്ച മുന്‍പ് പ്രൈവറ്റ് കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പാല്‍പ്പൊടി കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് രാജേന്ദ്ര ബാലാജി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ച മന്ത്രിക്കെതിരെ പ്രൈവറ്റ് കമ്പനികള്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ചെന്നൈയിലെ ലാബില്‍ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി പത്ര സമ്മേളനം വിളിച്ചു കൂട്ടിയത്.

നെസ്ലേയുടേയും റിലയന്‍സിന്റേയും പാല്‍ പൊടി ഉത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് തെളിഞ്ഞെന്നും ഈ രണ്ട് കമ്പനികളുടെ പാല്‍പ്പൊടി ഉത്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഉത്പന്നത്തില്‍ ഇത്തരത്തില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും ഫലം വന്നാല്‍ പുറത്ത് വിടുമെന്നും മന്ത്രി അറിയിച്ചു.