വീണ്ടും റാന്‍സംവെയര്‍ ആക്രമണം; പുതിയതായി ‘പിയെച്ച’ ആക്രമണത്തില്‍ മുംബൈ തുറമുഖത്തെ ചരക്കു നീക്കം നിലച്ചു
ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പടെ ഏഴോളം രാജ്യങ്ങളില്‍ വീണ്ടും വാനാക്രൈ ആക്രണമണം. ഇന്ത്യയില്‍ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ കംപ്യൂട്ടറുകളില്‍ ‘പിയെച്ച’ റാന്‍സംവെയര്‍ കംപ്യൂട്ടറുകളെ ബാധിച്ചതായാണ് കണ്ടെത്തിയത്. മുന്ന് ടെര്‍മിനലുകളില്‍ ഒന്നിലാണ് ആക്രമണം ഉണ്ടായത്. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായതോടെ ചരക്കം നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി തന്നെ ഈ ടെര്‍മിനലിലൂടെയുള്ള ചരക്ക് നീക്കം നിര്‍ത്തിവെച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐ.ടി. ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.നേരത്തെ നടന്ന വാനാക്രൈ ആക്രണത്തേക്കാള്‍ അപകടകരമാണ് പിയെച്ച എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. വാനാക്രൈയുടെ പരിഷ്‌കൃത രൂപമാണ് പിയെച്ച വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യല്‍ എണ്ണ കമ്പനികള്‍, യുക്രൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഫാക്ടറികള്‍, സൈന്യം എന്നിവയെ വന്‍തോതില്‍ ആക്രമിച്ചതായാണ് വിവരം. യുക്രൈനില്‍ മള്‍ട്ടിനാഷണല്‍, പരസ്യ കമ്പനികള്‍ അടച്ചിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം അമേരിക്കയിലേക്ക് വ്യാപിക്കുമെന്ന് സൈബര്‍ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. ആരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രെയ്‌നെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്ന് മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.
ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്ന് ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ പണം ആവശ്യപ്പെടും.